കണ്ണിയറ്റ് പോകാതെ പറചാറ്റും പള്ളിപ്പാനയും; ദ്രാവിഡ മാന്ത്രിക സംസ്കാരത്തിന്റെ ശേഷിപ്പുകൾ

parachat-31
SHARE

ശബരിമല  മാളികപ്പുറത്ത് കാണുന്ന പറചാറ്റ് മദ്ധ്യകേരളത്തിലെ കണ്ണിയറ്റുപോകുന്ന ദ്രാവിഡമാന്ത്രിക സംസ്കാരത്തിന്‍റെ ശേഷിപ്പുകളാണ്. പറചാറ്റുന്ന വേലന്‍മാരുടെ അനുഷ്ഠാനത്തിന്‍റെ സാന്നിദ്ധ്യം 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാനയിലും പടയണിയുടെ ഭാഗമായ അടവിയിലും കാണാം.

സംഘകാലത്തിന്‍റെ പുരോഹിതനായിരുന്നു വേലന്‍ എന്നാണ് പറയപ്പെടുന്നത്. സന്നിധാനത്തെത്തുന്ന ഭക്തരുടെ ദോഷങ്ങള്‍ പറചാറ്റി ഒഴിക്കുന്നു എന്നാണ് വിശ്വാസം. അതുവഴി അയ്യപ്പന്‍റെ തന്നെ ദോഷം തീര്‍ക്കുന്നുവെന്നും. പാട്ടും കൊട്ടും ഒരുപോലെ മന്ത്രമാണെന്ന് പറചാറ്റുന്ന വേലന്‍മാര്‍ പറയുന്നു. ചൊടലി. ചൂരല്‍ എന്നിവ പ്രത്യേക രീതിയില്‍ വളച്ച് ആട്ടില്‍ തോല്‍ പൊതിഞ്ഞാണ് പറയെന്ന വാദ്യം ഒരുക്കുന്നത്. തെറ്റി, തുളസി, ചെമ്പകം, ചെമ്പരത്തി, അശോദം, മുല്ല തുടങ്ങിയ ചെടികളുടെ കമ്പാണ് പറചാറ്റാന്‍ ഉപയോഗിക്കുന്നത്. മഹാഭാരതത്തിലെ നിഴല്‍ക്കുത്തുമായി ബന്ധപ്പെട്ടാണ് വേലന്‍മാരുടെ പറചാറ്റല്‍. മുന്‍പ് പതിനെട്ടാംപടിയ്ക്ക് മുന്നിലായിരുന്നു പറചാറ്റലെന്നും പിന്നീട് മാളികപ്പുറത്തേക്ക് മാറ്റിയെന്നുമാണ് പറയപ്പെടുന്നത്. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും പറചാറ്റുകാരെ കാണാം.

വേലന്‍മാര്‍ നടത്തുന്ന മറ്റൊരു ചടങ്ങാണ് പള്ളിപ്പാന. 12 വര്‍ഷം കൂടുമ്പോഴാണ് ചില ക്ഷേത്രങ്ങളില്‍ പള്ളിപ്പാന നടത്താറുള്ളത്. ദേവന്‍റേയോ ദേവിയുടേയോ ദോഷമൊഴിക്കാനാണ് പള്ളിപ്പാന. വേലന്‍ വിഭാഗത്തിലെ പുരുഷന്‍മാരും സ്ത്രീകളും പങ്കെടുക്കുന്ന വ്യത്യസ്ഥമായ ചടങ്ങുകളുണ്ട്. മുറോത്ത്, ദിക്കുബലി, കുഴിബലി, പട്ടടബലി, ഗന്ധര്‍വന്‍ തുള്ളന്‍ തുടങ്ങി വിപുലമായ ചടങ്ങുകളാണ് പള്ളിപ്പാനയ്ക്കുള്ളത്. കോഴിയെ ജീവനോടെ കുഴിച്ചിട്ട് അടുത്ത ദിവസം കുഴി തുറക്കുമ്പോള്‍ കോഴിയെ ജീവനോടെ പുറത്തെടുക്കുന്ന രീതിയിലാണ് കുഴിബലി. 12 പള്ളിപ്പാന കഴിഞ്ഞാല്‍ വിപുലമായ ചടങ്ങോടെയുള്ള വിജയബലി നടക്കും. പോരുവഴി പെരുവിരുത്തി മലനട, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് സമീപകാലത്ത് പള്ളിപ്പാന നടന്നത്.

മദ്ധ്യതിരുവിതാകൂറിന്‍റെ കലയായ പടയണിയിലാണ് വേലന്‍റെ അടുത്ത ചടങ്ങുകള്‍. അടവിയോടനുബന്ധിച്ചാണ് വേലന്‍റെ പറചാറ്റല്‍. വേലന്‍റെ ഉപാസനാ മൂര്‍ത്തിയാണ് അടവിയെന്നാണ് സങ്കല്‍പ്പം വേലന്‍ പറകൊട്ടി അനുജ്ഞ നല്‍കിയാലേ ചൂരല്‍ അടവിച്ചടങ്ങുകള്‍ നടക്കൂ. ചൂരല്‍ അടവി നടക്കുന്ന സമയം അത്രയും പറചാറ്റല്‍ തുടരണം. പള്ളിപ്പാന പോലെയുള്ള ചടങ്ങുകള്‍ നടത്തുന്നതില്‍ വിദഗ്ധരായവര്‍ കുറഞ്ഞു വരുന്നുവെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അധിനിവേശങ്ങളുടെ കാലത്തും . ദ്രാവിഡ ആചാരവഴക്കങ്ങളുടെ തിരുശേഷിപ്പാണ് ഇന്നും തുടരുന്ന പള്ളിപ്പാനയും പറചാറ്റുമൊക്കെ.

MORE IN CENTRAL
SHOW MORE