കോവിഡ് പരിശോധന മുടങ്ങി; വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം

covid
SHARE

വൈക്കം താലൂക്ക്  ആശുപത്രിയിൽ കോവിഡ് പരിശോധന മുടങ്ങിയതിൽ പ്രതിഷേധം ശക്തമാകുന്നു. പരിശോധന മുടങ്ങിയതോടെ നൂറുകണക്കിന് സാധാരണക്കാരാണ് വലയുന്നത്. ജീവനക്കാരുടെ അഭാവവും  കിറ്റുകൾ ലഭിക്കാത്തതുമാണ് പരിശോധന മുടങ്ങാൻ കാരണമെന്നാണ് വിശദീകരണം. 

വിവരശേഖരണത്തിനുൾപ്പെടെ നിയമിച്ച താത്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതോടെയാണ് വൈക്കം താലൂക്കാശുപത്രിയിൽ കോവിഡ് പരിശോധന മുടങ്ങിയത്. മൂന്ന് ദിവസമായി ആശുപത്രിയിൽ ആർടിപിസിആർ പരിശോധനയില്ല. നൂറുകണക്കിനാളുകളാണ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തുന്നത്. ഇവരെ സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കുകയാണ് ഡോക്ടർമാരും ആശുപത്രി അധികൃതരും. സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് 500 മുതൽ 700 രൂപ വരെയാണ് ചെലവ്. രോഗ ലക്ഷണങ്ങളുമായി പരിശോധനക്കെത്തുന്ന നിരവധി പേർ പണമില്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. 

ജീവനക്കാരില്ലാത്തതിനാൽ പരിശോധനക്കെത്തുന്നവരുടെ ഡാറ്റ എൻട്രിയടക്കം സാധ്യമാകാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കോവിഡ് പ്രതിരോധ നടപടികൾക്കായി പ്രവർത്തിച്ച താൽക്കാലിക ജീവനക്കാരുടെകരാർ കാലാവധി കഴിഞ്ഞതോടെയായിരുന്നു പിരിച്ചുവിടൽ. ആരോഗ്യ വകുപ്പ് ഇടപെട്ട് കോവിഡ് പരിശോധന പുനരാരംഭിക്കാൻ ഉടൻ നടപടിയെടുക്കണമെന്നാണ് ആവശ്യം. ദലിത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. 

MORE IN CENTRAL
SHOW MORE