ശക്തൻമാർക്കറ്റ് നവീകരണത്തിന് സുരേഷ് ഗോപി എം.പിയുടെ സാമ്പത്തികസഹായം; ഒരു കോടി രൂപ അനുവദിച്ചു

sakthan-project-n
SHARE

തൃശൂർ ശക്തൻമാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ സാന്പത്തിക സഹായം സുരേഷ് ഗോപി എം.പി. അനുവദിച്ചു. കോർപറേഷൻ മേയർ എം.കെ.വർഗീസിന്റെ ചേംബറിൽ എത്തിയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. ശക്തൻ മാർക്കറ്റ് നവീകരണത്തിനായി പത്തു കോടി രൂപയുടെ മാസ്റ്റർപ്ലാൻ പരിഗണനയിലാണെന്ന് മേയർ അറിയിച്ചു. 

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തൻമാർക്കറ്റിൽ എത്തിയപ്പോഴാണ് മാർക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികൾ സുരേഷ് ഗോപി എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തൻ മാർക്കറ്റ് നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് പാലിക്കാനായിരുന്നു അദ്ദേഹം തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസിന്റെ ചേംബറിൽ എത്തിയത്. ഒരു കോടി രൂപയാണ് അനുവദിച്ചത്. എം.പി. ഫണ്ടിൽ നിന്നോ കുടുംബ ട്രസ്റ്റിൽ നിന്നോ തുക കൈമാറും. അതിനു മുന്പ് വിശദമായ പ്ലാൻ നൽകണം. അതേസമയം, പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തൻ മാർക്കറ്റിനു വേണ്ടി തയാറായിട്ടുണ്ടെന്ന് മേയർ അറിയിച്ചു. 

എത്രയും വേഗം പദ്ധതി രേഖകൾ സമർപ്പിക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു കോടി രൂപയുടെ മാസ്റ്റർപ്ലാനിൽ കേന്ദ്ര ധനസഹായം ലഭിക്കാൻ ഇടപെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.ശക്തൻ മാർക്കറ്റിൽ നവീകരണ പ്രവർത്തനങ്ങൾക്കു നീക്കിവച്ച ഒരു കോടി രൂപ ഇനി കോർപറേഷൻ സ്വീകരിച്ചില്ലെങ്കിൽ തൃശൂരിലെതന്നെ അവിണിശേരി പഞ്ചായത്തിൽ വികസനപ്രവർത്തികൾക്കായി ചെലവിടുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കി.

MORE IN CENTRAL
SHOW MORE
Loading...
Loading...