റോഡ് നിര്‍മാണത്തിന്‍റെ പേരിൽ മണ്ണെടുപ്പ്; പ്രതിഷേധം

pallikkathodusoil
SHARE

കോട്ടയം പള്ളിക്കത്തോടില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് നിര്‍മാണത്തിന്‍റെ പേരിലുള്ള മണ്ണെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. അനുവദിച്ച ഭൂമിയില്‍ നിന്നല്ലാതെ മണ്ണെടുത്തതായി ജിയോളജി വകുപ്പ് കണ്ടെത്തിയിട്ടും തുടര്‍ നടപടിയില്ലെന്നാണ് ആക്ഷേപം. മണ്ണെടുപ്പിന് വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്നും ആരോപണം.

കുമരകത്തും ആലപ്പുഴയിലും റോഡ് നിര്‍മാണത്തിനായാണ് സ്വകാര്യ കമ്പനി പള്ളിക്കത്തോട് നെയ്യാട്ടുശേരിയിലെ ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നത്. ജിയോളജി വകുപ്പിന് മണ്ണെടുപ്പിന് അനുമതി നല്‍കിയെങ്കിലും അനുവദിച്ച അളവിന് കൂടുതല്‍ മണ്ണ് ഇവിടെ നിന്ന് കടത്തിയതായി കണ്ടെത്തി. അനുവദിച്ച സര്‍വേ നമ്പറില്‍ നിന്നല്ലാതെയും മണ്ണ് ഖനനം ചെയ്തായി കണ്ടെത്തിയതോടെ പത്ത് ലക്ഷത്തിലധികം രൂപ കമ്പനിക്ക് പിഴ ചുമത്തുകയും ചെയ്തു. ഇത് അടച്ചതോടെ ഖനം പുനരാരംഭിക്കാന്‍ ജിയോളജി വകുപ്പ് അനുമതിയും നല്‍കി. ക്രമക്കേടിന്‍റെ പേരില്‍ കേസെടുക്കേണ്ട അധികൃതര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. 

തോട്ടം ഭൂമി ക്രമരഹിതമായി പുരയിടം ആക്കി മാറ്റിയതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സേവ് നെയ്യാട്ടുശ്ശേരി ഫോറം ആരോപിക്കുന്നു. ആരോപണങ്ങള്‍ വില്ലേജ് ഓഫിസറും കന്പനി അധികൃതരും തള്ളി. റീസര്‍വേ പ്രകാരം ഭൂമി പുരയിടമാണെന്ന് വില്ലേജ് ഓഫിസര്‍ സ്ഥിരീകരിക്കുന്നു. നിയമവിരുദ്ധമായി ഖനനം നടക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. പരാതി സംബന്ധിച്ച് ജില്ലാ കലക്ടറും റിപ്പോര്‍ട്ട് തേടി. 

MORE IN CENTRAL
SHOW MORE
Loading...
Loading...