കുത്തിയൊഴുകിയെത്തി പോളയും മാലിന്യവും; 150 ഊന്നിവലകൾ തകർന്നു

vaikkom-08
SHARE

പോളയുടെയും മാലിന്യത്തിന്‍റെയും കുത്തൊഴുക്കിൽ വൈക്കത്ത് വേമ്പനാട്ട് കായലിലെ മൽസ്യബന്ധനവലകൾ വ്യാപകമായി തകർന്നു. ഉദയനാപുരം നേരേക്കടവ് മേഖലയിൽ മാത്രം 150 ലേറെ  ഊന്നിവലകളാണ് തകര്‍ന്നത്. കോവിഡ് ദുരിതത്തിനിടയിൽ മത്സ്യതൊഴിലാളികൾക്ക് ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. 

പതിവിലും ഒരു മാസം മുന്‍പ് തണ്ണീര്‍മക്കം ബണ്ട് തുറന്നതോടെയാണ് വേമ്പനാട്ട് കായലിൽ പോളയുടെയും മാലിന്യത്തിന്‍റെയും കുത്തൊഴുക്കുണ്ടായത്. ഉൾകായലിൽ അനുവദിച്ച സ്ഥലത്ത് വലകൾ നിരയായി സ്ഥാപിച്ചാണ് ഊന്നിവലമത്സ്യബന്ധനം നടത്തുന്നത്. ഊന്നി കുറ്റികൾ വ്യാപകമായി നശിച്ചതോടെ10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.

നിരവധി തൊഴിലാളികളുടെ ഒഴുക്കുവലയും നശിച്ചു. മൂവായിരത്തിലധികം മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. കൃത്യമായ സമയക്രമം പാലിക്കാതെ അശാസ്ത്രീയമായി ബണ്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. തണ്ണീർമുക്കം ബണ്ടിന്‍റെ  ചുമതലയുള്ള ആലപ്പുഴ കലക്ടറുടേത് ഏകപക്ഷീയ നടപടിയാണെന്നും ആരോപണം. 

ഒരു വലക്ക് 500 രൂപ സർക്കാരിലേക്ക് കരമടച്ചാണ് പതിനായിരത്തോളം രൂപ മുടക്കി കായലിൽ ഊന്നി വലകൾ സ്ഥാപിക്കുന്നത്. ചിലര്‍ പാട്ടത്തിനെടുത്താണ് വലകള്‍ സ്ഥാപിച്ചത്.  കായലിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ജലഗതാഗതത്തിന് പുറമെ  ചെറുകിട മത്സ്യബന്ധനവും പ്രതിസന്ധിയിലായി. കോവിഡ് കാലത്ത് മത്സ്യബന്ധന മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാനും ജലഗതാഗതം സുഗമമാക്കുന്നതിനും സർക്കാർ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...