വെള്ളൂരിൽ റോഡുവക്കിൽ അറവുമാലിന്യം തള്ളുന്നു; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

vaikkom-waste
SHARE

വൈക്കം വെള്ളൂരിൽ പൊതുസ്ഥലങ്ങളിലും റോഡിലും ശുചിമുറി, അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. എച്ച്എൻഎല്ലിന്റെ സ്ഥലത്തും റോഡിലും മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി.  മഴക്കാലം തുടങ്ങുന്നതോടെ കോവിഡിനൊപ്പം പകർച്ചവ്യാധി ഭീഷണിയിലുമാണ് നാട്ടുകാർ. വിഡിയോ റിപ്പോർട്ട് കാണാം.

നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന കല്ലുവേലി ചങ്ങംമത റോഡിലാണ് പതിവായി മാലിന്യം തള്ളുന്നത്.  ആദ്യ ലോക് ഡൗൺ സമയം മുതൽ ഇവിടെ  മാലിന്യ നിക്ഷേപ കേന്ദ്രമായി. റോഡിലും റോഡരികിലുമായി രണ്ടാൾ പൊക്കത്തിൽ മാലിന്യം കുന്നുകൂടി കിടക്കുന്നു. ശുചി മുറി മാലിന്യവും അറവുമാലിന്യവും റോഡിൽ ഒഴുകിയതോടെ വഴി നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. രാത്രി കാലങ്ങളിൽ ലോറിയിലെത്തിച്ചാണ് ഇവിടെ  മാലിന്യം നിക്ഷേപിക്കുന്നത്.  എറണാകുളം അടക്കമുള്ള അയൽ ജില്ലകളിൽ നിന്നാണ് മാലിന്യം എത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളുന്നതിനിടെ ലോറി തടഞ്ഞ നാട്ടുകാർ റോഡിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു.

എച്ച്എൻഎല്ലിന്റെ  ഉടമസ്ഥതയിലാണ് സ്ഥലം. കാടുപിടിച്ച് ഒഴിഞ്ഞ പ്രദേശമായതാണ് തുടർച്ചയായി വലിയ തോതിലുള്ള മാലിന്യ നിക്ഷേപത്തിന് കാരണം. എച്ച്എൻഎല്ലിന്റെ പ്രവർത്തനം പ്രതിസന്ധിയിലായതോടെ കമ്പനി അധികൃതർ തിരിഞ്ഞ് നോക്കാത്തതും മാലിന്യം തള്ളുന്നവർക്ക് ഗുണമായി. മഴക്കാലം തുടങ്ങുന്നതോടെ മാലിന്യം സമീപത്തെ കിണറുകളിലേക്കും ഒഴുകിയെത്തും.  പഞ്ചായത്തിലടക്കം പരാതി പറഞ്ഞിട്ടും നടപടിയില്ലാത്തതാണ് നാടിനെ ആശങ്കയിലാക്കുന്നത്. പരാതിയുമായെത്തിയ നാട്ടുകാർക്കു മുന്നിൽ പൊലീസും കൈമലർത്തുകയാണ്.  

MORE IN CENTRAL
SHOW MORE
Loading...
Loading...