എറണാകുളത്ത് രണ്ട് കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ കൂടി സജ്ജം

covid-eranakulam-hospital
SHARE

എറണാകുളത്ത് അടിയന്തര കോവിഡ് ചികിത്സാസൗകര്യങ്ങളുമായ രണ്ട് ചികിത്സാകേന്ദ്രങ്ങള്‍ കൂടി സജ്ജമായി. 500 കിടക്കകളോടെ അങ്കമാലി അഡ്‌ലക്സും  102 കിടക്കളുമായി സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററുമാണ് കോവിഡ് ആശുപത്രികളാക്കി മാറ്റിയത്. അഡ്‌ലക്സിലെ കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒാണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന നൂതനവും ആധുനികവുമായ സൗകര്യങ്ങളാണ് അങ്കമാലി അഡ്‌ലക്സിലെ കോവിഡ് സെക്കന്‍ഡ്‌ലൈന്‍ ചികിത്സാകേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. 500 കിടക്കകളുള്ള കേന്ദ്രത്തില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം വാര്‍ഡുകളും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഒാക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഡിഫിബ്രിലേറ്ററുകള്‍, എക്സ് റേ, ഇസിജി, മള്‍ട്ടി പാരമോണിറ്റര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കേന്ദ്രീക‌ൃത ഒാക്സിജന്‍ വിതരണ സംവിധാനത്തില്‍ നിന്ന് ഒാരോ കിടക്കയിലേക്കും ഒാക്സിജന്‍ ട്യൂബ് വഴി നേരിട്ടെത്തിക്കും. കോണ്‍ഫെഡറേഷന്‍ ഒാഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റേയും പത്ത് സ്വകാര്യസ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ചികിത്സാകേന്ദ്രം വീഡിയോകോണ്‍ഫറന്‍സിങ് വഴി  ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി കോവിഡിന്റെ രണ്ടാം തരംഗം ചെറുക്കാന്‍ വ്യവസായലോകം നല്‍കുന്ന പിന്തുണയെ അഭിനന്ദിച്ചു.

കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് കൊച്ചിന്‍ പോര്‍ട് ട്രസ്റ്റിന്റെ കീഴിലുള്ള വില്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ഹാള്‍ കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. 102 ഒാക്സിജന്‍ കിടക്കകളാണ് ഇവിടെ ഉള്ളത്. ഇതാദ്യമായ് ഒരു തദ്ദേശസ്വയംഭരണ സ്ഥാനം മുന്‍കൈ എടുത്ത് ഒരു കോവിഡ് ചികിത്സാകേന്ദ്രം ആരംഭിക്കുന്നതും. ജില്ലാ ഭരണകൂടത്തിന്റെ കെയര്‍ സോഫ്റ്റ് വഴിയാണ് ഇവിടെ രോഗികളെ പ്രവേശിപ്പിക്കുക. പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന സാമുദ്രികയിലെ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

MORE IN CENTRAL
SHOW MORE
Loading...
Loading...