വഴിയടച്ചു; വൈറ്റിലയില്‍ വലഞ്ഞ് ഇരുപതോളം കുടുംബങ്ങള്‍

vytilabpcl-05
SHARE

കൊച്ചി വൈറ്റിലയില്‍ വഴിയില്ലാതെ വലഞ്ഞ് ഇരുപതോളം കുടുംബങ്ങള്‍. ബി.പി.സി.എല്‍ പൈപ്പ് ലൈനിന് മുകളിലൂടെയുള്ള വഴി സുരക്ഷാകാരണങ്ങളാല്‍ അടച്ചതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ വഴി ബി.പി.സി.എല്‍ നിര്‍മിച്ചെങ്കിലും റയില്‍വേയുടെ ഭൂമിയിലൂടെയുള്ള അവസാനഭാഗം പൂര്‍ത്തീകരിക്കാനായിട്ടുമില്ല.

കൊച്ചിന്‍ റിഫൈനറിമുതല്‍ സുഭാഷ്പാര്‍ക്കുവരെ ഭൂമിക്കടിയിലൂടെ ബിപിസിഎല്ലിന്റെ ഏഴ് ക്രൂഡ് ഓയില്‍ പൈപ്പുകള്‍ കടന്നു പോകുന്നുണ്ട്. ഇതിന്  മുകളില്‍ നിര്‍മിച്ച റോഡുകള്‍ സുരക്ഷാകാരണങ്ങളാല്‍ അടയ്ക്കാന്‍ തീരുമാനിച്ചതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. എല്ലായിടത്തും പകരം റോഡ് ബി.പി.സി.എല്‍ തന്നെ നിര്‍മിച്ചു നല്‍കി. പക്ഷേ വൈറ്റിലയില്‍ ഏരൂര്‍ റോഡിലേക്കെത്താന്‍ നിര്‍മിച്ച റോഡിന്റെ അവസാന ഭാഗം റയില്‍വേയുടെ സ്ഥലംവിട്ടുകിട്ടാത്തതിനാല്‍ പൂര്‍ത്തീകരിക്കാനായില്ല. ഒന്നേമുക്കാല്‍ മീറ്റര്‍ വീതിയിലുണ്ടാക്കിയ റോഡ് അവസാനിക്കുന്നത് കാനയ്ക്ക് മുന്നിലാണ്. പൈപ്പ് ലൈന്‍ സുരക്ഷിതമാക്കുന്നതിന് അടിയന്തിരമായി റോഡ് അടയ്ക്കണമെന്ന് പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ ഇരുപത് വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ വഴിയില്ല.

റയില്‍വേയുടെ അനുമതി ലഭിച്ചാല്‍ കാനയ്ക്ക് മുകളില്‍ സ്ലാബിട്ട് റോ‍ഡ് പൂര്‍ത്തിയാക്കാന്‍ കോര്‍പറേഷനും തയാറാണ്. പഴയറോഡില്‍ വാഹനങ്ങള്‍ കയറ്റാനോ പാര്‍ക്ക് ചെയ്യാനോ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ബി.പി.സി.എല്‍.

MORE IN CENTRAL
SHOW MORE
Loading...
Loading...