കോവിഡ് ഭീതിയൊഴിഞ്ഞു; സ്വരമാധുരിയിൽ അലിഞ്ഞ് ഫൈൻ ആർട്സ് ഹാൾ

tyagarajaday-28
SHARE

കോവിഡ് ഭീതിയില്‍ അടച്ചിട്ട കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളില്‍ മാസങ്ങള്‍ക്ക് ശേഷം തിരശീല ഉയര്‍ന്നു. സംഗീതഞ്ജന്‍ ശങ്കരന്‍ നമ്പൂതിയുടെ കച്ചേരിയോടെയാണ് ഫൈന്‍ ആര്‍ട്സിന്റെ അരങ്ങുണരുന്നത്. നീണ്ടനാളത്തെ അടച്ചിടലിനുശേഷം കലാപ്രേമികളെ ആനന്ദത്തിലാറാടിച്ച് സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്വരമാധുരി. ത്യാഗരാജദിനത്തോടനുബന്ധിച്ചാണ് കലാപരിപാടികള്‍ അരങ്ങൊഴിഞ്ഞ കോവിഡ്കാലത്തിന് വിടനല്‍കി ഫൈനാ‍ര്‍ട്സ് ഹോളിന്റെ തിരശീല ഉയരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പകുതി ഇരിപ്പിടങ്ങളില്‍ മാത്രമെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. കച്ചേരി രസികര്‍ക്കായി യൂട്യൂബില്‍ തത്സമയ സംപ്രഷണവും ഒരുക്കിയിരുന്നു.

ത്യാഗരാജസ്വാമികള്‍  ബംഗള രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗിരിരാജസുധാ എന്ന സ്തുതിയോടെയാണ് സംഗീതസന്ധ്യക്ക് തിരിതെളിഞ്ഞത്. മൈക്കിലൂടെ ശങ്കരന്‍ നമ്പൂതിരിയുടെ ശബ്ദമൊഴുകിയപ്പോള്‍ സംഗീതപ്രേമികളുടെ മനം തെളിഞ്ഞു. വയലിനില്‍ ഇടപ്പള്ളി അജിത്തും മൃദംഗത്തില്‍ ബാലകൃഷ്ണകമ്മത്തും കച്ചേരിക്ക് അകമ്പടിയായി. ഖരഹരപ്രിയയില്‍ ശ്രുതിചേര്‍ത്ത് രാമാ നീയാട എന്ന ത്യാഗരാജകൃതിയാലപിക്കുമ്പോള്‍ സദസ് സര്‍വ്വം മറന്നു.

മുത്തയ്യഭാഗവതര്‍ ഹംസാനന്ദിയില്‍ ചിട്ടപ്പെടുത്തിയ തില്ലാനയോടെയാണ് സംഗീതധാര സമാപിച്ചത്. കലാസ്നേഹികള്‍ക്കാസ്വദിക്കാന്‍ തടസമേതമില്ലാതെ ഇനി സംഗീതനൃത്തസന്ധ്യകള്‍ ഒരുക്കാന്‍ കഴിയണമെന്ന പ്രത്യാശയാണ്  കേരള ഫൈനാര്‍ട്സ് സൊസൈറ്റിയുടെ സംഘാടകര്‍ പങ്കിടുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...