വരിനെല്ലിന്‍റെ വ്യാപനം തടയാനായില്ല; നെൽകൃഷി ഉപേക്ഷിച്ച് കർഷകർ

varinellu-04
SHARE

വരിനെല്ലിന്‍റെ വ്യാപനം തടയാനാകാതെ കോട്ടയത്ത് കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു. കടുത്തുരുത്തി തലയോലപറമ്പ് മേഖലകളിലാണ് നെൽകർഷകർക്ക് ഭീഷണിയായി പാടങ്ങളിൽ വരിനെല്ല് വ്യാപിച്ചത്. കടുത്തുരുത്തി ആയാംകുടിയിൽ മാത്രം അന്‍പതിലേറെ കര്‍ഷകരാണ് രണ്ടരമാസം പ്രായമായ നെൽകൃഷി ഉപേക്ഷിക്കുന്നത്. 

കടുത്തുരുത്തിയിൽ മാത്രം 1400 ഏക്കറില്‍ 750 ഓളം ഏക്കറിലാണ് വരിനെല്ല് വ്യാപിച്ചത്. മാന്നാർതെക്കുംപുറം, എരുമതുരുത്ത്, മിച്ചഭൂമി, പള്ളിത്താഴം എന്നീ പാടശേഖരങ്ങളിലടക്കം ആയിരത്തോളം കർഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. വരിനെല്ലിന്‍റെ ഇടയിൽപ്പെട്ട് ഞാറുകൾ മൂടുകയും വളർച്ച മുരടിച്ച് വിളവ് കുറയുകയും ചെയ്യും. ഞാറിനെക്കാൾ ഒന്നരയടിയോളം ഉയർന്ന് വളരുന്ന വരിനെല്ല് ശാഖകളായി കതിരിട്ട് ഞാറുകൾക്ക് മീതെ അടിയുന്നതോടെയാണ് കൃഷി നശിക്കുന്നത്. എരുമതുരുത്ത് പാടത്ത് രണ്ടര ഏക്കർ കൃഷിയുള്ള കുന്നേൽ ടോമി ജോസഫ് ഒരേക്കറിലെ കൃഷി ഉപേക്ഷിച്ചു. കളനെല്ല് നീക്കംചെയ്യാന്‍ പത്ത് തൊഴിലാളികളെ ഇരുപത് ദിവസം പാടത്തിറക്കിയിട്ടും ഫലമുണ്ടായില്ല. കളനീക്കാന്‍ വന്‍സമ്പത്തിക ചെലവ് വരുമെന്നതിനാല്‍ ടോമി ജോസഫിന്‍റെ പാത പിന്തുടരുകയാണ് ഭൂരിഭാഗം കര്‍ഷകരും. 

ഏക്കറിന് പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ ചെലവിട്ടാണ് കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാടശേഖരങ്ങളില്‍ കളനെല്ലിന്‍റെ ശല്യമുണ്ടായിരുന്നില്ല. എല്ലാ വർഷവും കൊയ്ത്ത് കഴിയുന്നതോടെ തണ്ണീർമുക്കം ബണ്ടും, വൈക്കത്തെ കരിയാർ സ്പിൽവ്വെയും യഥാസമയം തുറന്ന് പാടങ്ങളിൽ ഓരുവെള്ളംകയറ്റിയാല്‍ കളനെല്ലിനെ പ്രതിരോധിക്കാനാകും. 

MORE IN CENTRAL
SHOW MORE
Loading...
Loading...