മീനന്തറയാര്‍ കയ്യേറി റോഡ് നിര്‍മാണം; റവന്യൂവകുപ്പ് തടഞ്ഞു

river-enchroachment
SHARE

കോട്ടയം വിജയപുരം പഞ്ചായത്തില്‍ മീനച്ചിലാറിന്‍റെ കൈവഴിയായ മീനന്തറയാര്‍ കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ റോഡ് നിര്‍മാണം റവന്യൂവകുപ്പ് 

തടഞ്ഞു. പുഴയില്‍ മണ്ണിട്ട് നികത്തുന്നത് തടഞ്ഞ തഹസില്‍ദാര്‍ മണ്ണ് കൊണ്ടുവന്ന ലോറിയും പിടിച്ചെടുത്തു. കയ്യേറ്റകാരനെതിരെ നടപടി ആരംഭിച്ച റവന്യൂവകുപ്പ് കയ്യേറ്റത്തിന്‍റെ വ്യാപ്തി കണ്ടെത്താന്‍ സര്‍വെ നടത്തും. 

മാരായിക്കുളം കളത്തിപ്പടി റോഡിനോട് ചേര്‍ന്നൊഴുകുന്ന മീനന്തറയാരിന്‍റെ തീരമാണ് സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തി കയ്യേറിയത്. പുഴ കരകവിഞ്ഞ് റോഡിലുള്‍പ്പെടെ വെള്ളം കയറുന്നത് പതിവാണ്. വീതികുറഞ്ഞ റോഡില്‍ കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രമെ കടന്നുപോകാനാകൂ. പ്രദേശവാസികളുടെ ദുരിതം അവസാനിപ്പിക്കാനെന്ന വ്യാജേനയാണ് പഞ്ചായത്തില്‍ നിന്നോ റവന്യൂ വകുപ്പില്‍ നിന്നോ അനുമതി തേടാതെ സ്വകാര്യ വ്യക്തി മണ്ണിട്ട്പൊക്കിയത്. 

സ്വകാര്യ വ്യക്തിയുടെ മഹാമനസില്‍ നാട്ടുകാര്‍ സംതൃപ്തരാണെങ്കിലും ജില്ലാ ഭരണകൂടത്തിന് തൃപ്ത്തി പോരാ. പുഴയുടെ കൂടുതല്‍ ഭാഗങ്ങള്‍ ഇയാള്‍ കയ്യേറിയതായും സൂചനയുണ്ട് ഇത് കണ്ടെത്താനാണ് സര്‍വെ നടത്തുന്നത്. വിജയപുരം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂമാഫിയയുടെ നേതൃത്വത്തില്‍ പുഴകയ്യേറ്റം വ്യാപകമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു ജില്ലാ കലക്ടര്‍ക്ക് കൈമാറി.

MORE IN CENTRAL
SHOW MORE
Loading...
Loading...