എൻജിൻ പഞ്ചായത്ത് ഊരി വിറ്റില്ലെന്ന് കോടതി; ഒടുവിൽ നീതി; ഒപ്പം ആംബുലൻസും

ambulance-25
SHARE

എന്‍ജിന്‍ മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കിടന്ന കുമളി പഞ്ചായത്തിന്റെ ആംബുലൻസ് കോടതിവിധിയെത്തുടര്‍ന്ന്  വിട്ടുനൽകി. രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നിരത്തിലിറങ്ങിയ ആംബുലന്‍സിന് ആവേശ സ്വീകരണമാണ് പഞ്ചായത്ത് ഭരണസമിതി നൽകിയത്.  വാഹന നിര്‍മാണ കമ്പനിക്ക് പറ്റിയ പിഴവാണ് ആംബുലന്‍സിനെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയത്.

2017ലെ ശബരിമല മണ്ഡലകാലത്ത്  അപകടത്തിൽപ്പെട്ട തീർത്ഥാടകനുമായി ആശുപത്രിയിലേക്ക് പോകവേ ഈ ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. തുടർന്നുള്ള പണികൾക്ക് ശേഷം മോട്ടോർ വാഹന വകുപ്പിന് മുൻപിൽ വണ്ടി ഹാജരാക്കിയപ്പോൾ എഞ്ചിൻ നമ്പറിൽ തിരുത്തൽ കണ്ടെത്തി.

ഇതോടെ പഞ്ചായത്ത്‌ ഭരണസമിതി എഞ്ചിൻ ഊരിവിറ്റുവെന്ന പ്രതിപക്ഷ ആരോപണം ശക്തമായി. തൊണ്ടി മുതലായ ആംബുലൻസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു, ഫോറൻസിക്ക് പരിശോധന നടത്തിയെങ്കിലും തീരുമാനമായില്ല. ആംബുലൻസ് പൊലീസ് സ്റ്റേഷനിൽ കിടന്ന് നശിക്കാതെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി  പഞ്ചായത്ത് പീരുമേട് കോടതിയെ  സമീപിച്ചു. ആബുലൻസ് വിട്ടു കൊടുക്കാം എന്നാൽ നിരത്തിലിറക്കാൻ പാടില്ല എന്ന് പീരുമേട് കോടതി വിധിച്ചു. ഇതിനെതിരെ പഞ്ചായത്ത് ഹൈക്കോടതിയെസമീപിച്ചതോടെ  പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ സമാന എൻജിൻ നമ്പറിൽ മറ്റൊരു വാഹനമുണ്ടന്നും കമ്പനിയുടെ പിഴവ് മൂലമാണ് നമ്പർ മാറിയതെന്നുമാണ് കണ്ടെത്തിയത്. ഇതോടെ ആബുലൻസിന് സ്വാതന്ത്ര്യം കിട്ടി.  

ആംബുലൻസിന്റെ എഞ്ചിന്‍ ഊരി വിറ്റെന്ന് ആരോപണമുയര്‍ത്തിയവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല,  എന്തായാലും സത്യം ജയിച്ചതിന്റെ  ആശ്വാസത്തിലാണ് വിവാദ ആംബുലന്‍സിന് പിന്നാലെ നിയമപോരാട്ടം നടത്തിയ പഞ്ചായത്ത് ഭരണസമിതി.

MORE IN CENTRAL
SHOW MORE
Loading...
Loading...