5 നഴ്്സുമാര്‍ക്ക് കൂടി കോവിഡ്; ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയിൽ

kochiupdate-02
SHARE

അഞ്ച് നഴ്്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രി ഗൈനക്കോളജി വകുപ്പിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കൊച്ചി നഗരസഭയിലടക്കം എറണാകുളം ജില്ലയില്‍ നാല് സ്ഥലങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. അതേസമയം  ഇന്നലെ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ചയാണ്  82 കാരനായ ആലുങ്കല്‍ ദേവസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ ആയിരുന്നു മരണം. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ആശുപത്രിയില്‍ ദേവസിക്കൊപ്പം നിന്ന മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 5 നഴ്സുമാരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് ഗര്‍ഭിണികള്‍ക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരുടെ സമ്പര്‍ക്കപ്പട്ടികയില്‍  ഉണ്ടായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നഴ്സുമാര്‌ക്കാണ് കോവി‍ഡ് ബാധിച്ചത്. ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജനറല്‍ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ നിയന്ത്രണങ്ങള്‍ ഏര്‌പ്പെടുത്തിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഗൈനക്കോളജി വകുപ്പിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം ക്ലസ്റ്റര്‍ സോണുകള്‍ക്ക് പുറത്തും രൂക്ഷമാണ്. ഇന്നലെയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോസിറ്റീവായത്. 132 പേര്‍ പോസിറ്റീവായതില്‍ 109 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ആലുവയ്ക്കും ചെല്ലാനത്തിനും പിന്നാലെ പശ്ചിമ കൊച്ചിയിലും ഗുരുതരമായ കോവിഡ് വ്യാപന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളിലായി ഇരുപതോളം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൊച്ചി നഗരസഭയില്‍ ഇരുപത്തിമൂന്നാം വാര്‍ഡ് മനാശേരിയാണ് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണ്‍. കൊച്ചി നഗരസഭയിലെ 24 ഡിവിഷനുകളാണ് നിലവില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍. നാല് അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കോട്ടുവള്ളി പഞ്ചായത്തിലെ ഈസ്റ്റ് കോട്ടുവള്ളി വാര്‍ഡും കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി. വാഴക്കുളം പഞ്ചായത്തിലെ മാറമ്പിള്ളി വാര്‍ഡ്, തൃപ്പൂണിത്തുറ നഗരസഭ ആറാം ഡിവിഷനിലെ തോട്ടപ്പുറം ഭാഗം എന്നിവയാണ് മറ്റ് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍. കൊച്ചി നഗരസഭയിലെ പൊറ്റക്കുഴി ഡിവിഷനും ചിറ്റാട്ടുകര പഞ്ചായത്തിലെ മൂന്നാം വാര്‍ഡും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിന്ന് ഒഴിവാക്കി. 

MORE IN CENTRAL
SHOW MORE
Loading...
Loading...