വീട് അപകടാവസ്ഥയിൽ; 'ലൈഫിലും' പരിഗണിക്കാതെ അധികൃതർ

theekoyfamily-03
SHARE

ശക്തമായ മഴയില്‍ വീട് അപകടാവസ്ഥയിലായതോടെ ഭീതിയില്‍ കോട്ടയം തീക്കോയി മംഗളഗിരിയിലെ ആറംഗ കുടുംബം. പുഴയോരത്തുള്ള വീടിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നതിന് പുറമെ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നു. വീടിന്‍റെ ദുരവസ്ഥ വില്ലേജ് ഓഫിസില്‍ ഉള്‍പ്പെടെ അറിയിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് പരാതി.   

മീനച്ചിലാറിന്റെ തീരത്ത് ആറ്റുപുറമ്പോക്കിലാണ് വര്‍ഷങ്ങളായി 20-ലധികം കുടുംബങ്ങള്‍ കഴിയുന്നത്. ആറിനോട് തൊട്ടുചേര്‍ന്നാണ് പുതുവീട്ടില്‍ വിനീഷിന്‍റെ വീട്. മൂന്ന് കുട്ടികളും വൃദ്ധമാതാവും ഉള്‍പ്പെടെ ആറുപേരാണ് താമസം. മേല്‍ക്കൂര പാടേ തകര്‍ന്ന് ജീര്‍ണാവസ്ഥയിലുള്ള വീടിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുക്കെട്ടിയാണ് താമസം. ഇതിനിടെയാണ് കഴിഞ്ഞ മഴയില്‍ വീടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞത് ഭൂമി വിണ്ടുകീറി. ആറില്‍ ജലനിരപ്പുയരുന്നതോടെ ഈ ഭാഗവും ആറ്റില്‍പതിക്കും വീടിന്‍റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. പുതിയൊരു വീടിനായി ലൈഫ് പദ്ധതിയിലടക്കം അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല.  

മുന്‍വര്‍ഷങ്ങളില്‍ കുടുംബത്തെ ക്യാംപിലേയ്ക്ക് മാറ്റിയിരുന്നു.  ഇത്തവണ അതും ഉണ്ടായിട്ടില്ല. വിനീഷ് കൂലിപ്പണിയെടുത്തും ഭാര്യ ഷാഹിന തൊഴിലുറുപ്പ് ജോലിയ്ക്കുപോയുമാണ് കുടുംബം പുലര്‍ത്തുന്നത്. പൊളിഞ്ഞ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാന്‍ വന്‍തുക തന്നെ വേണ്ടിവരും. അടുത്ത ആഴ്ച മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം അതിന് മുന്‍പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.

MORE IN CENTRAL
SHOW MORE
Loading...
Loading...