ഇരുമ്പ് വേലി തകർന്നു; മാങ്കുളത്ത് സ്വൈര്യവിഹാരം നടത്തി കാട്ടാനകള്‍

mankulam-27
SHARE

കാട്ടാനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ഇടുക്കി മാങ്കുളം ആനക്കുളത്ത് നിര്‍മ്മിച്ച ഇരുമ്പ് വേലി തകർന്നു. വേലി തകർന്നതോടെ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്.

2018ലായിരുന്നു ആനക്കുളത്ത് കാട്ടാനകളെ പ്രതിരോധിക്കാന്‍  വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്ത് വനംവകുപ്പ് ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ് സംവിധാനമൊരുക്കിയത്. പില്ലറുകള്‍ താഴ്ത്തി ഇരുമ്പുവടം ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ ആനവേലി നാശത്തിന്റെ വക്കിലാണ്. കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള ഭാഗത്ത് തുടര്‍ ജോലികള്‍ നടത്തിയിട്ടില്ല.പലയിടത്തും ഫെന്‍സിംഗ് ലൈനുകള്‍ തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടു പോയിട്ടുണ്ട്.  ഫെന്‍സിങ്ങിനിടയിലൂടെ  ആനകള്‍ ജനവാസമേഖലയിലേക്ക് കയറുന്നതായും നാട്ടുകാര്‍ പറയുന്നു.

ആനക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായ കുറച്ച് ഭാഗത്ത് മാത്രമെ വനംവകുപ്പ് ആനവേലി തീര്‍ത്തിട്ടുള്ളു. നിര്‍മിച്ചിട്ടുള്ള ആനവേലിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനൊപ്പം ശേഷിക്കുന്ന ഭാഗത്തേക്കു കൂടി വേലിയുടെ നിര്‍മാണം നീട്ടണമെന്ന ആവശ്യവും പ്രദേശവാസികള്‍ക്കുണ്ട്. തുറന്ന് കിടക്കുന്ന പ്രദേശത്തുകൂടെ  ജനവാസമേഖലയില്‍ പ്രവേശിക്കുന്ന കാട്ടാനകള്‍ വ്യാപകനാശമാണ് ഇവിടെ സൃഷ്ടിക്കുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...