കട്ടച്ചിറയിലെ നാട്ടുമാവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യം ശക്തം

treeskattachira-01
SHARE

കോട്ടയം കിടങ്ങൂര്‍ കട്ടച്ചിറയിലെ നാട്ടുമാവുകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തിയതോടെ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. മരങ്ങളെ സംരക്ഷിച്ച് ശാസ്ത്രീയമായി റോഡ് വികസനം നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയുടെ ഓരത്ത് കിടങ്ങൂര്‍ കട്ടച്ചിറയിലെ നാട്ടുമാവുകള്‍ ഒന്നര നൂറ്റാണ്ടോളം പ്രായമുള്ളവയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവയുടെ ശിഖരങ്ങളിലൊന്ന് ഒടിഞ്ഞ് വീണതോടെ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തി. ഇതിനെതിരെയാണ് മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗതെത്തിയത്. മരങ്ങളെ സംരക്ഷിക്കണമെന്നാണ് ആവശ്യം. അപകടകരമായ ചില്ലകള്‍ മുറിച്ച് മാറ്റുന്നതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പില്ല മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റുന്നതിലാണ് എതിര്‍പ്പ്.

വാഹനപകടങ്ങളുടെ പേരിലും മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സമ്മര്‍ദമുണ്ട്. മരങ്ങള്‍ കാഴ്ചമറയ്ക്കുന്നതിനൊപ്പം റോഡിന്‍റെ വീതികുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. മരങ്ങള്‍ മുറിച്ചുമാറ്റാതെ റോഡ് വികസനത്തിനുള്ള വഴികളും സമിതി മുന്നോട്ടുവെയ്ക്കുന്നു. മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നേരത്തേയും നടത്തിയ നീക്കം മീനച്ചില്‍ നദീസംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പുകളെ തുടര്‍ന്നാണ്  പരാജയപ്പെട്ടത്.

MORE IN CENTRAL
SHOW MORE
Loading...
Loading...