വൈക്കത്തെ തരിശുപാടങ്ങളിൽ വീണ്ടും ഞാറ്റുപാട്ടിന്റെ ഈണം; പ്രതീക്ഷ

vaikkom-03
SHARE

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി രണ്ട് പതിറ്റാണ്ടായി തരിശു കിടന്ന വൈക്കത്തെ പാടശേഖരത്തില്‍ നെൽകൃഷിയുടെ പുനർജ്ജനി. ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സഹകരണ സംഘമാണ് കാരയിൽ പാടശേഖരത്തിൽ കാർഷിക തനിമയും ആധുനികതയും സമന്വയിപ്പിച്ചുള്ള കൃഷിക്ക് തുടക്കമിട്ടത്. അഞ്ചേക്കറില്‍ മാസങ്ങൾ നീണ്ട നിലമൊരുക്കലിന് ശേഷമാണ് രണ്ടര ലക്ഷത്തോളം രൂപ മുടക്കിയുള്ള നെല്‍ക്കൃഷി.

രണ്ട്പതിറ്റാണ്ടിനു ശേഷം കാരയില്‍പാടത്ത് ഞാറ്റുപാട്ടിന്‍റെ ഈണം മുഴങ്ങുന്നത്. ഈണംപിടിച്ച് കർഷക തൊഴിലാളികൾ പാടത്ത് നിരന്നപ്പോൾ പുതുതലമുറക്കും ആവേശമായി. വൈക്കം നഗരസഭയില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് അഞ്ചേക്കറില്‍ കൃഷിയിറക്കിയത്. തരിശുകിടന്ന ഭൂമി ഇരുപതിലധികം തൊഴിലാളികള്‍ ചേര്‍ന്നാണ് മാസങ്ങൾ കൊണ്ട് ഒരുക്കിയെടുത്തത്. കാടുകൾ നീക്കി നിലമൊരുക്കാൻ തൊഴിലുറപ്പ് പദ്ധതിയും പ്രയോജനപ്പെടുത്തി. കർഷക തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ഞാറുനടാനുള്ള അവസാനവട്ട നിലമൊരുക്കൽ. പരമ്പരാഗത കർഷക തൊഴിലാളികളെ കണ്ടെത്തലും ശ്രമകരമായി. വൈക്കം നഗരസഭ ,അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് ഫാമിംഗ് ആൻ്റ് മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഈ നെൽകൃഷി. ഇതോടെ നഗരസഭാ പ്രദേശത്ത് ഇല്ലാതായ നെൽകൃഷി തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പും.

തരിശു കിടന്ന പതിമൂന്നുപേരുടെ നിലം ഹെക്ടറിന് അയ്യായിരം രൂപക്ക് പാട്ടത്തിനെടുത്താണ് നഗരസഭാ പ്രദേശത്തെ നെല്‍കൃഷി. എന്നാൽ ഉത്ഘാടനത്തെ ചൊല്ലിയുണ്ടായ തർക്കം ചടങ്ങിന്‍റെ നിറംകെടുത്തി. എംഎല്‍എ സി.കെ.ആശയെയാണ് പദ്ധതി ഉദ്ഘാടനത്തിനായി  ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ചില സിപിഎം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എംഎല്‍എ മാറ്റിയതാണ് വിവാദമായത്. ഇടത് പിന്തുണയോടെ ജയിച്ച നഗരസഭ ചെയർമാനും ചടങ്ങിൽ നിന്ന് പിൻമാറി. 

MORE IN CENTRAL
SHOW MORE
Loading...
Loading...