ലൈഫ് പദ്ധതി അട്ടിമറിക്കുന്നു; കുടിൽകെട്ടി സമരവുമായി സിപിഎം

lifekalamassery
SHARE

നഗരസഭയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് കുടില്‍ കെട്ടി കളമശേരിയില്‍ സിപിഎം സമരം . സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതി യുഡിഎഫ് ഭരിക്കുന്ന നഗരസഭ അട്ടിമറിക്കുന്നെന്നാരോപിച്ചാണ് ഇടത് പ്രതിഷേധം . എന്നാല്‍ ലൈഫ് പദ്ധതി അട്ടിമറിക്കുന്നത് സിപിഎം നേതൃത്വമെന്നാണ് നഗരസഭാധ്യക്ഷയുടെ മറുപടി.

മുപ്പത് വര്‍ഷമായി വാടകവീട്ടില്‍ കഴിയുന്ന അബ്ദുള്‍ഖാദര്‍ ബീവിയടക്കം 444 പേരാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതി ഗുണഭോക്താക്കളായി കളമശേരി നഗരസഭയിലുളളത്  . ഇവരില്‍ ചിലരെയടക്കം പങ്കെടുപ്പിച്ചു കൊണ്ടാണ് മെഡിക്കല്‍ കോളജിനു സമീപത്തെ മുന്‍സിപ്പാലിറ്റി വക മൈതാനത്ത് സിപിഎം സമരം തുടങ്ങിയത്.

ഗുണഭോക്താക്കള്‍ക്ക് വീട് വയ്ക്കാനുളള സ്ഥലം കണ്ടെത്താന്‍ നഗരസഭയിലെ യുഡിഎഫ് ഭരണസമിതി തയാറാകുന്നില്ലെന്നാണ് സിപിഎം ആരോപണം. കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മാണത്തിനാണ് നഗരസഭാ നേതൃത്വം മുന്‍ഗണന നല്‍കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ലൈഫ് പദ്ധതിക്ക് സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച ഉപസമിതിയിലേക്ക് അംഗങ്ങളെ നല്‍കാന്‍ പോലും സിപിഎം തയാറാകുന്നില്ലെന്നാണ് നഗരസഭാധ്യക്ഷയുടെ വിശദീകരണം. കണ്‍വെന്‍ഷന്‍ സെന്‍ററിനെക്കാള്‍ മുമ്പേ ലൈഫ് പദ്ധതി പൂര്‍ത്തിയാക്കുമെന്നും യുഡിഎഫുകാരിയായ അധ്യക്ഷ അവകാശപ്പെടുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കേ ലൈഫ് പദ്ധതിയെച്ചൊല്ലിയുളള ആരോപണ പ്രത്യാരോപണങ്ങള്‍  ഇനിയും കളമശേരിയുടെ നഗരസഭാ രാഷ്ട്രീയത്തെ കലുഷിതമാക്കുമെന്നുറപ്പ്.

MORE IN CENTRAL
SHOW MORE
Loading...
Loading...