ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു; കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയായി

tankersolved-01
SHARE

ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ നിര്‍ത്തിവച്ച ടാങ്കര്‍ ലോറികളിലെ കുടിവെള്ള വിതരണം കൊച്ചിയില്‍ പുനഃസ്ഥാപിച്ചു. ജലഅതോറിറ്റിയുടെ കേന്ദ്രങ്ങളില്‍ പത്തുദിവസത്തിനകം അധിക സൗകര്യമേര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചതോടെയാണ് ഉടമകള്‍ സമരം പിന്‍വലിച്ചത്. ലോറി വാടക ഏകീകരിക്കുന്നതിനായി സബ് കമ്മിറ്റിയെയും നിയമിച്ചു. 

ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നിയന്ത്രണം പ്രഖ്യാപിച്ച ആദ്യദിനം തന്നെ സര്‍വീസ് നിര്‍ത്തിവച്ചായിരുന്നു ടാങ്കര്‍ ഉടമകളുടെ പ്രതിഷേധം. ജലഅതോറിറ്റിയുടെ പതിമൂന്ന് നിറയ്ക്കല്‍ പോയിന്റുകള്‍ അപര്യാപ്തമാണെന്നായിരുന്നു ആക്ഷേപം. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിച്ചാല്‍ നഗരത്തില്‍ ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാനാകില്ലെന്നും ഉടമകള്‍ നിലപാടെടുത്തു. ടാങ്കര്‍ ലോറികളിലെ വെള്ളത്തെമാത്രം ആശ്രയിക്കുന്ന ഫ്ലാറ്റുകളിലും, മാളുകളിലും അടക്കം കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടതോടെയാണ് ജില്ലാ കലക്ടര്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തത്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാകില്ലെന്ന് കലക്ടര്‍ തീര്‍ത്തു പറഞ്ഞു. 

നിലവിലെ സൗകര്യങ്ങളുടെ അപര്യാപ്തത പത്തുദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ആലുവയിലും, മരടിലുമുള്ള നിറയ്ക്കല്‍ പോയിന്റുകളുടെ എണ്ണം മൂന്നില്‍നിന്ന് പത്തായി ഉയര്‍ത്തും. അതുപോലെ ജലഅതോറിറ്റിക്ക് നല്‍കേണ്ട തുക മറ്റ് ഓഫിസുകളില്‍പോയി അടയ്ക്കുന്നതിന് പകരം നിറയ്ക്കല്‍ കേന്ദ്രങ്ങളില്‍തന്നെ നല്‍കാനും സംവിധാനമുണ്ടാക്കും. ടാങ്കറുകളുടെ നിറം മാറ്റുന്നതിന് ഒരുമാസത്തെ അനുവദിക്കും. പുതിയ നിയന്ത്രണം കുടിവെള്ളത്തിന്റെ നിരക്ക് വര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനാല്‍ വാടക ഏകീകരിക്കാനും തീരുമാനം ആയി. ഇതിനായി നിയമിച്ച സബ് കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും വാടക നിശ്ചയിക്കുക.

MORE IN CENTRAL
SHOW MORE
Loading...
Loading...