ആലപ്പുഴയിലെ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരം; ആശ്വാസം

water
SHARE

ആലപ്പുഴയിൽ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകുന്നു. തകഴിയിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് ശേഷമുള്ള പമ്പിങ് ജലഅതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ പുനരാരംഭിച്ചു. അതിനിടെ  സർക്കാരിന്റെയും ജില്ലയിൽ സിപിഎം മന്ത്രിമാറുടെയും നിസ്സംഗതയെ വിമർശിച്ച് സി.പി.ഐ. പ്രതിഷേധ സമരം തുടങ്ങി

സർക്കാർ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണത്തെ പോലും നിശിതമായി വിമർശിച്ചാണ് ഭരണകക്ഷിയായ സിപിഐ കുടിവെള്ള പ്രശ്നത്തിൽ പ്രത്യക്ഷ സമരം തുടങ്ങിയത്. പാലാരിവട്ടം പാലം മോഡൽ അന്വേഷണം ആലപ്പുഴ കുടിവെള്ള പദ്ധതിയിലും വേണമെന്നാണ് ആവശ്യം. 3 നാൾ നീളുന്ന സത്യഗ്രഹത്തിനാണ് ജില്ലാ നേതൃത്വം തുടക്കമിട്ടത്. 

അഴിമതി ആരോപണം ശക്തമായതിനെ തുടർന്ന് ജലവിഭവ വകുപ്പ് നാല് ഉദ്യോഗസ്ഥരെ സസ്പൻഡു ചെയ്യുകയും വകുപ്പ് തല അന്വേഷണം പ്രഖ്യാപിക്കുകയും ചെയതിരുന്നു.  എന്നാൽ ഇതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. തകരാർ വന്ന മേഖലയിലെ പൈപ്പുകൾ വേഗത്തിൽ മാറ്റുന്നത് കുറ്റവാളികൾക്ക് സഹായകമാകുമെന്നും ടി ജെ ആഞ്ചലോസ് പറഞ്ഞു. അതേസമയം അമ്പലപ്പുഴ തിരുവല്ല റോഡിൽ  പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണികൾക്ക് ശേഷം പമ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. 

പരിശോധനയിൽ മറ്റിടങ്ങളിൽ പൈപ്പുകൾക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് പമ്പിങ് തുടങ്ങിയത്.13 ദിവസത്തെ കാത്തിരിപ്പിന് ഒടുവിലാണ് പമ്പിങ് നടത്താനായത്. ശുദ്ധജല വിതരണം ആരംഭിക്കുന്നതോടെ ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും രണ്ടരലക്ഷം കുടുംബങ്ങൾക്കാണ് ആശ്വാസം ആകുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...