മറൈൻ ഡ്രൈവിൽ നടപ്പാതയില്ല; വിമർശിച്ച് അമിക്കസ് ക്യൂറി

marine-drive-12-10-19
SHARE

കൊച്ചി മറൈൻ ഡ്രൈവ് നടപ്പാതയുടെ പരിപാലനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ GCDAയ്ക്ക് വീഴ്ച സംഭവിച്ചതായി അമിക്കസ് ക്യൂറി റിപ്പോർട്ട്‌. മറൈൻ ഡ്രൈവ് നടപ്പാതയുടെ അവസ്ഥ അതിശോചനീയം ആണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മറൈന്‍ ഡ്രൈവില്‍ കായലിലേക്ക് മാലിന്യം തള്ളുന്നത് തടയാന്‍ നഗരസഭയും ജിസിഡിഎയും നടപടി സ്വീകരിക്കണമെന്ന് അമിക്കസ് ക്യൂറി നിര്‍ദേശിച്ചു.

 മറൈന്‍ ഡ്രൈവ് നടപ്പാതയിലും സമീപത്തെ കായലിലും മാലിന്യം തള്ളുന്നത് മൂലമുള്ള ദുര്‍ഗന്ധം കാരണം നടപ്പാത ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ നഗരസഭയും ജിസിഡിഎയും നടപടിയെടുക്കണം. മറൈന്‍ഡ്രൈവിലെ കെട്ടിടങ്ങളില്‍ നിന്ന് കായലിലേക്ക് മലിനജലം ഒഴുക്കുന്നതായും അമിക്കസ് ക്യൂറി കണ്ടെത്തി. മറൈന്‍ ഡ്രൈവിലെ ഏക ശുചിമുറി മാലിന്യങ്ങളും ദുര്‍ഗന്ധവും മൂലം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. നടപ്പാതയോട്‌ ചേർന്നുള്ള ഓട ചെളിയും മാലിന്യവും നിറഞ്ഞു അടഞ്ഞിരിക്കുകയാണെന്നും അമിക്കസ്ക്യൂറി ചൂണ്ടി കാണിക്കുന്നു. 

മറൈൻ ഡ്രൈവ് പൂർണമായി cctv നിരീക്ഷണത്തിൽ കൊണ്ടുവരണം എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ല. അഞ്ചു പ്രവേശന കവാടങ്ങളും രണ്ടര കിലോമീറ്റർ ദൈർഘ്യവുമുള്ള നടപ്പാതയിൽ ആകെയുള്ളത് രണ്ടു cctv ക്യാമെറകൾ മാത്രം. പഴയ ജങ്കാർ ജെട്ടി മുതൽ ചീനവല പാലം വരെയുള്ള ഭാഗത്ത്‌ ആവശ്യത്തിന് തെരുവ് വിളക്കുകൾ ഇല്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. നടപ്പാതയിൽ ടൈലുകൾ വിരിച്ചിട്ടുണ്ടെങ്കിലും ഇത് ശാസ്ത്രീയമായല്ല ചെയ്തിരിക്കുന്നത്. പലയിടത്തും ടൈലുകൾ ഉയർന്നു നിൽക്കുന്നു. 

ജങ്കാർ ജെട്ടി മുതൽ ചീനവല പാലം വരെയുള്ള ഭാഗത്ത്‌ ഒട്ടേറെ ഇടങ്ങളിൽ ടൈലുകൾ പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ ആണ്. ടൈലുകൾക്ക് ഇടയിലൂടെ വെള്ളം ഇറങ്ങി പോകാത്തതിനാൽ വെള്ളക്കെട്ടും സന്ദർശകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഹൈക്കോടതി ജംഗ്ഷന് സമീപത്തെ കവാടത്തിൽ ഒരു പൊലീസ് എയ്ഡ് പോസ്റ്റ്‌ ഉണ്ടെങ്കിലും നടപ്പാതയിൽ പോലീസ് പെട്രോളിങ് നടത്തുന്നില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ട്‌ പറയുന്നു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചു മറൈൻ ഡ്രൈവ് വാക് വേയിൽ GCDA നടത്തിയ നവീകരണ പ്രവർത്തികളും അറ്റകുറ്റപ്പണികളും പരിശോധിക്കുന്നതിന് ആണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. റ്റാറ്റാ ഓയിൽ കനാൽ മുതൽ ചീനവല പാലം വരെയുള്ള രണ്ടര കിലോമീറ്റർ നടപ്പാതയിലാണ് അമിക്കസ് ക്യൂറി പരിശോധന നടത്തിയത്.

MORE IN CENTRAL
SHOW MORE
Loading...
Loading...