വാഗ്ദാനങ്ങൾ പാഴ്​വാക്കായി, വീടുകളിൽ വെള്ളം കയറി; പ്രതിഷേധം

thrissur
SHARE

കൊടുങ്ങല്ലൂര്‍ എറിയാട് ജനതയെ കടല്‍ഭിത്തി നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കി അധികൃതര്‍ വഞ്ചിച്ചു. കടല്‍ക്ഷോഭം ശക്തമായതോടെ എറിയാട്ടെ ഒട്ടേറെ വീടുകളില്‍ വെള്ളംകയറി. ദേശീയപാത ഉപരോധം ഉള്‍പ്പെടെ പലസമരങ്ങള്‍ ചെയ്തിട്ടും എറിയാട് കടല്‍ഭിത്തി നിര്‍മാണം തുടങ്ങാത്തതില്‍ അമര്‍ഷം ശക്തമാണ്

കടല്‍ഭിത്തി നിര്‍മാണം വെറും പ്രഖ്യാപനം മാത്രമാണ് എറിയാട്. കാലങ്ങളായി കടല്‍ഭിത്തി നിര്‍മിക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം മുറവിളി കൂട്ടുന്നുണ്ട്. പക്ഷേ, ആരും കേള്‍ക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത്, ദേശീയപാത ഉപരോധിച്ച നാട്ടുകാര്‍ക്ക് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉറപ്പുനല്‍കിയിരുന്നു. കടല്‍ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങാമെന്ന ആ ഉറപ്പും പാലിക്കപ്പെട്ടില്ല. എറിയാട്, എടവിലങ് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. 419 പേര്‍ക്ക് പോകാന്‍ വീടുകളില്ല. കടല്‍ഭിത്തി കെട്ടി കടല്‍ക്ഷോഭം തടയാന്‍ സാധിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്ന് നാട്ടുകാര്‍ പറയുന്നു.

വേലിയേറ്റ സമയത്ത് വെള്ളം കരയിലേക്ക് ഇരച്ചെത്തുകയാണ്. റോഡുകള്‍ തകര്‍ന്നു. വീടുകള്‍ ഏതുസമയത്തും നിലംപൊത്താം. എറിയാട് മേഖലയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓരോ തവണയും കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ വാഗ്ദാനവുമായി വരുന്ന ജനപ്രതിനിധികളെ ഇനി ആവശ്യമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വാഗ്ദാനം വേണ്ട, കടല്‍ഭിത്തി മതിയെന്നാണ് തീരദേശവാസികളുടെ നിലപാട്.

MORE IN CENTRAL
SHOW MORE
Loading...
Loading...