കൊയ്ത്തുകഴിഞ്ഞ് 20 ദിവസം; നെല്ല് സംഭരിക്കാൻ നടപടിയില്ല

ktym-paddy
SHARE

കോട്ടയം ചങ്ങനാശേരിക്കടുത്ത് പായിപ്പാട്ട് അറുപതേക്കറോളം പാടത്തെ നെല്ല് കൊയ്ത്തുകഴിഞ്ഞ് ഇരുപത് ദിവസത്തിനു ശേഷവും സംഭരിക്കാൻ നടപടിയില്ല. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമനെയടക്കം കർഷകർ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എഴുപത്തിയഞ്ച് ടണ്ണോളം നെല്ല് നശിച്ചുപോകുമോയെന്ന ആശങ്കയിലാണ് കർഷകർ. 

പായിപ്പാട് മൂന്നാംവേലി താമരങ്കരി പാടശേഖരത്തിലെ അറുപത് ഏക്കറിലെ നെല്ലാണ് കൊയ്ത്തുകഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. കർഷകർ പലപ്രാവശ്യം കോട്ടയം പാടി ഓഫീസിൽ ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ നെല്ലിൻറെ മേന്മ നോക്കുവാൻ ഉദ്യോഗസ്ഥർ വന്നിരുന്നു. പരിശോധനയ്ക്കുശേഷവും നെല്ല് സംഭരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ചങ്ങനാശ്ശേരി എംഎൽഎ സി എഫ് തോമസുമായും, സപ്ലൈകോയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമൻറെ ഓഫീസുമായും പലപ്രാവശ്യം കർഷകർ ഫോണിൽ ബന്ധപ്പെട്ടു സഹായം തേടിയിരുന്നു. എന്നാൽ നെല്ല് സംഭരിക്കാൻ നടപടിയുണ്ടായില്ല.

കഴിഞ്ഞവർഷവും ഈ പാടശേഖരത്തിൽ നിന്നും ഏകദേശം ഇരുപത്തി രണ്ട് ദിവസങ്ങൾ കഴിഞ്ഞശേഷമാണ് നെല്ല് ഏറ്റെടുത്തത്, അപ്പോഴേക്കും കുറെയൊക്കെ നെല്ല് കിളിർത്തു  പോയിരുന്നു. ഈ വർഷവും ഇതേ അവസ്ഥയിലേക്ക് തന്നെയാണോ പോകുന്നത് എന്ന് കർഷകർ ഭയക്കുന്നു. ഓരോ മഴ പെയ്യുമ്പോഴും ഇവിടുത്തെ കർഷകൻറെ ഉള്ളിൽ തീയാണ്. 

MORE IN CENTRAL
SHOW MORE