കുട്ടംപേരൂർ ആറിന്‍റെ രണ്ടാംഘട്ട നവീകരണത്തിന് തുടക്കം; മാതൃക

riverrenovation-tvla3
SHARE

സംസ്ഥാനത്തെ പുഴ വീണ്ടെടുപ്പിന് മാതൃകയായിത്തീർന്ന കുട്ടംപേരൂർ ആറിന്‍റെ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂരിന് സമീപം എണ്ണയ്ക്കാട് തുടക്കം. നബാർഡിൻറെ സഹായത്തോടെ നാലുകോടിരൂപ ചെലവിൽ  ആഴവും വീതിയും കൂട്ടുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നത്.

കുട്ടംപേരൂർ ആറിലെ എണ്ണയ്ക്കാട് കടവിൽ അഞ്ച് മണ്ണുമാന്തികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഏകദേശം അൻപത് മീറ്റർ വീതിയും ആറുമീറ്റർ ആഴവും ഉറപ്പുവരുത്തുന്നവിധമാണ് നവീകരണ പദ്ധതി തയാറാക്കിയിരിക്കുന്നത്. ആറിന് നടുവിലായി രൂപപ്പെട്ടിരിക്കുന്ന മൺതിട്ടകളും ആഴം കൂട്ടുന്പോൾ ലഭിക്കുന്ന ചെളിയും ഉപയോഗിച്ച് ഇരുകരകളിലും ബണ്ട് നിർമിക്കും.

തുടർന്ന് ആറ്റുതീരം സംരക്ഷിക്കുന്നതിനും ജൈവസംന്പുഷ്ടമാക്കുന്നതിനും സോഷ്യൽ ഫോറസ്റ്ററി വിഭാഗവുമായി സഹകരിച്ച് മരങ്ങളും പാർക്കുകളും നിർമിക്കാനാണ് തീരുമാനം. ചെങ്ങന്നൂർ മണ്ഡലത്തിലെ പാണ്ടനാട് മുതൽ ഉളുന്തിവരെ പന്ത്രണ്ട് കിലോമീറ്ററോളം നീളമുള്ള ആറിൻറെ നവീകരണ പ്രവർത്തനങ്ങൾ പ്രദേശത്തെ ജനപ്രതിനിധികൾ സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു.

ബുധനൂർ, ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലൂടെ പമ്പ അച്ചൻകോവിൽ ആറുകളെ ബന്ധിപ്പിച്ച് ഒഴുകുന്ന കുട്ടംപേരൂർ ആറ് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് ആദ്യഘട്ടത്തിൽ വീണ്ടെടുത്തത്.

ഒഴുക്കുനിലച്ചുപോയ ആറിൻറെ വീണ്ടെടുപ്പ് നിരവധി പുഴകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് പ്രചോദനമായിരുന്നു. ബണ്ടുകളുടെ ബലപ്പെടുത്തൽ അടക്കമുള്ള ജോലികൾക്കും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

MORE IN CENTRAL
SHOW MORE