ഗോതുരുത്ത് ദ്വീപിലേക്കുള്ള പഴയ നടപ്പാലം തകർന്നു

thrissur
SHARE

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പഞ്ചായത്തിലെ ഗോതുരുത്ത് ദ്വീപിനെ പുറം ലോകവുമായി ബന്ധിപ്പിച്ച ആദ്യ പാലം തകർന്നു വീണു. കേരളത്തിലെ ഏറ്റവും നീളമുള്ള നടപ്പാലങ്ങളിലൊന്നായ പഴയ കോൺക്രീറ്റ് പാലമാണ് തകർന്നത്.

എഴുപത് വർഷം പഴക്കമുള്ള പാലം ഒരു കാലത്ത് ഗോതുരുത്ത് നിവാസികളുടെ ഏക യാത്രാമാർഗ്ഗമായിരുന്നു. സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയും നാട്ടുകാരനുമായിരുന്ന അഡ്വ.കെ.ടി അച്ചുതൻ മുൻകൈയ്യെടുത്താണ് ഗോതുരുത്തിനു വേണ്ടി നടപ്പാലം പണിതത്.

20 വർഷം മുൻപ് ജനകീയാസൂത്രണ പദ്ധതി പ്രകാരം പാലം അറ്റകുറ്റപ്പണി നടത്തി ചെറുവാഹനങ്ങൾക്ക് കടന്നു പോകാവുന്ന വിധത്തിലാക്കി. ജീർണ്ണാവസ്ഥയിലായ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ നിരന്തര സമരത്തിനൊടുവിൽ നാല് വർഷം മുൻപ് പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു ഇരുന്നൂറ്റിയമ്പതിലധികം കുടുംബങ്ങൾ താമസിക്കുന്ന ഗോതുരുത്തിലേക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നു പോകുന്നത് പഴയപാലം വഴിയാണ്.

പാലം തകർന്നതിനെ തുടർന്ന് ഇവിടേക്കുള്ള ജലവിതരണം തടസ്സപ്പെട്ട നിലയിലാണ്. യുദ്ധകാലാടിസ്ഥാനത്തിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ ശ്രമിച്ചു വരികയാണെന്ന് ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ സതീഷ് കുമാർ പറഞ്ഞു.

MORE IN CENTRAL
SHOW MORE