തൃശ്ശൂർ അന്തിക്കാട് സ്കൂളിൽ ബസ് ഓട്ടം നിലച്ചിട്ട് ആറു മാസം

bus
SHARE

തൃശൂര്‍ അന്തിക്കാട് ഗവണ്‍മെന്റ് എല്‍.പി സ്കൂളിന്‍റെ ബസ് കട്ടപ്പുറത്തായിട്ട് ആറു മാസം. അധ്യാപകര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് മൂന്നു വര്‍ഷം ബസ് നിരത്തിലിറക്കിയത്. പിന്നെ, അധ്യാപകരും പ്രയാസത്തിലായതോടെ ബസോട്ടം നിലച്ചു.

എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് അന്തിക്കാട് ഗവണ്‍മെന്റ് എല്‍.പി. സ്കൂളിന് ബസ് വാങ്ങിയത്. നാല് അധ്യാപകരും 75 വിദ്യാര്‍ഥികളും മാത്രമാണ് സ്കൂളിലുള്ളത്. സാധാരണക്കാരായവരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയം. ഇവരുടെ ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നു സ്കൂള്‍ ബസ്. എം.എല്‍.എ ബസ് വാങ്ങി നല്‍കിയെങ്കിലും ദൈനംദിന ചെലവിന് വഴിയില്ലായിരുന്നു. ബസ് ഡ്രൈവറുടെ ശമ്പളം, ഡീസല്‍ ചെലവ് തുടങ്ങി ഇരുപത്തിയ്യായിരം രൂപയോളം പ്രതിമാസ ചെലവ് വരും. അധ്യാപകര്‍ പിരിവിട്ടാണ് പണം സ്വരൂപിച്ചിരുന്നത്. മൂന്നു വര്‍ഷം ഇങ്ങനെ ബസ് ഓടിച്ചു. പിന്നെ, അധ്യാപകരും പ്രയാസത്തിലായി. ബസ് കട്ടപ്പുറത്തും.

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് അടക്കം ഒരു നീണ്ട നിരയിലുള്ള പ്രശസ്തർ വരെ പഠിച്ചിറങ്ങിയ സ്കൂളാണിത്. ബസ് പുറത്തിറങ്ങാന്‍ എഴുപതിനായിരത്തോളം രൂപ വേണ്ടി വരും. അടുത്ത അധ്യയന വര്‍ഷം തുടങ്ങുമ്പോഴേക്കും ബസ് നിരത്തിലിറങ്ങണമെങ്കില്‍ പഞ്ചായത്തോ മറ്റ് അധികൃതരോ കനിയേണ്ടി വരും.

MORE IN CENTRAL
SHOW MORE