വീയപുരം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം

veeyapuram-water-scarcity
SHARE

ആലപ്പുഴ മാന്നാറിനടുത്ത് വീയപുരം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. പൈപ്പിലും ടാങ്കറിലും വെള്ളമെത്താത്തതിനാൽ മൂന്നുവാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്തിൻറെ നിലപാട്.

വയ്യാത്ത കയ്യുംവച്ച് കുടിവെള്ളമെടുക്കാൻ പോകാനുള്ള ബുദ്ധിമുട്ടാണ് ഈ കേട്ടത്. വീയപുരം പഞ്ചായത്തിലെ നാല് , അഞ്ച് ,ആറ് വാർഡുകളിൽ സ്ഥിതി വളരെ രൂക്ഷമാണ്. ഈ വർഷം ഇതുവരെ വള്ളക്കാലി - മേൽപ്പാടം ഭാഗത്തേക്കുള്ള പൈപ്പുകളിൽ വെള്ളം വന്നിട്ടില്ല. പഞ്ചായത്തിലെ പതിമൂന്ന് വാർഡുകൾക്കുമായി ആകെയുള്ളത് ഒരു ടാങ്കും പന്പിങ് സംവിധാനവുമാണ്. കിണറുകളിലെ വെള്ളംവറ്റിയതോടെ പ്രദേശത്തുള്ള സ്വകാര്യ ചെറുകിട ശുദ്ധീകരണ പ്ലാൻറിൽനിന്ന് പണം നൽകിയാണ് നാട്ടുകാർ കുടിവെള്ളം ശേഖരിക്കുന്നത്.

തൊട്ടടുത്തുള്ള തോട്ടിലെ മാലിനമായ വെള്ളമാണ് നാട്ടുകാർ അലക്കാനും കുളിക്കാനുമെല്ലാം ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷം ടാങ്കറുകളിൽ വെള്ളം എത്തിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇരുപതിലധികം വർഷം മുൻപ് സ്ഥാപിച്ച പൈപ്പ് ലൈനുകൾ അടുത്തിടെ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും കുടിവെള്ള പ്രശ്നം അടുത്തദിവസംതന്നെ പരിഹരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പ്രസാദ് കുമാർ പറഞ്ഞു. ടാങ്കറിൽ വെള്ളം എത്തിക്കുന്നതിനുള്ള നടപടികളും അവസാനഘട്ടത്തിലാണെന്നാണ് പഞ്ചായത്തിൻറെ വിശദീകരണം.

MORE IN CENTRAL
SHOW MORE