ഷോപ്പിങ് കോംപ്ലക്സിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല; ദുരിതത്തിലായി കച്ചവടക്കാർ

shopping-complex-kochi
SHARE

ഷോപ്പിങ് കോംപ്ലക്സിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതെ കച്ചവടക്കാരെ ദുരിതത്തിലാക്കി ജിസിഡിഎ. കൊച്ചി നഗരഹൃദയത്തിലെ ജിസിഡിഎ ഷോപ്പിങ് കോംപ്ലക്സിലുള്ള  മുന്നൂറോളം കച്ചവടക്കാരാണ് അതോറിറ്റിയുടെ കെടുകാര്യസ്ഥത മൂലം ദുരിതമനുഭവിക്കുന്നത്. 

കൊച്ചിയിലെ ആദ്യത്തെ ഷോപ്പിങ് കോംപ്ലക്സിന്റെ അവസ്ഥയാണിത്. പ്രവേശകവാടത്തില്‍ എത്തിയാല്‍ തന്നെ ഈ വാണിജ്യസമുച്ചയത്തിന്റെ ശോച്യാവസ്ഥ മനസ്സിലാക്കാം. നടപ്പാതകള്‍ പൊട്ടിപൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിലും ദയനീയമാണ് മുന്‍വശത്തുള്ള ടൊയ്‌ലറ്റുകളുടെ സ്ഥിതി. മൂക്കുപൊത്താതെ ഇതില്‍ പ്രവേശിക്കാന്‍ കഴിയില്ല. മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഇവിടെ എലികളുടെ ആവാസകേന്ദ്രമാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. കെട്ടിടത്തിനുള്ളിലെ കൈവരികള്‍ തുരുമ്പിച്ച് നശിച്ച നിലയിലാണ്. മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ അടര്‍ന്നുവീഴുന്നത് പതിവാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും ശുചീകരണപ്രവര്‍ത്തനവും നടത്തേണ്ട ജിസിഡിഎ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരാതി.  

അറ്റകുറ്റപ്പണികള്‍ക്ക് എന്ന പേരില്‍ പ്രതിമാസം ആയിരം രൂപ വീതം ഓരോ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഒരുരൂപ പോലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നില്ല. മുന്നൂറോളം കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിട്ട സമുച്ചയത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം പോലും പ്രവര്‍ത്തനരഹിതമാണെന്നും കച്ചവടക്കാര്‍ തന്നെ പറയുന്നു. 

MORE IN CENTRAL
SHOW MORE