ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു

Elephant
SHARE

തൃശൂര്‍ കുന്നംകുളത്തും പെരിങ്ങോട്ടുകരയിലും ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞോടി. രണ്ടു പേര്‍ക്കു പരുക്കേറ്റു. ആനകളെ പിന്നീട് തളച്ചു.  

പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തില്‍ ഉല്‍സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പിലാണ് ആദ്യം ആന ഇടഞ്ഞത്. ചെര്‍പ്പുള്ളശേരി രാജശേഖരനാണ് വിരണ്ടോടിയത്. ഈ സമയം, ആനപ്പുറത്ത് നാലു പേരുണ്ടായിരുന്നു. ഒപ്പം എഴുന്നള്ളിച്ചിരുന്ന ആനകളെ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി. വിരണ്ടോടിയ രാജശേഖരനെ പാപ്പാന്‍മാരും ദേശക്കാരും ചേര്‍ന്ന് വടമിട്ട് തളച്ചു. ഇതിനിടെ, ആനപ്രേമി സംഘങ്ങളെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകരോടും നാട്ടുകാരോടും മോശമായി പെരുമാറിയ ചിലരെ പൊലീസ് വിരട്ടിയോടിച്ചു. 

കുന്നംകുളം അരുവായിചിറ വരമ്പത്തുകാവ് ക്ഷേത്ര ഉല്‍സവത്തിനിടെയായിരുന്നു ആനയിടഞ്ഞത്. ചിറക്കല്‍ പരമേശ്വരനും നന്തിലത്ത് ഗോപാലകൃഷ്ണനുമാണ് ഇടഞ്ഞത്. കൂട്ടിയെഴുന്നള്ളിപ്പിനിടെയായിരുന്നു സംഭവം. ആന വിരണ്ടോടിയതോെട പരിഭ്രാന്തരായ ജനങ്ങള്‍ തിക്കിലും തിരക്കിലുംപ്പെട്ട് നിലത്തു വീണു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലിഫന്റ് സ്ക്വാഡ് എത്തിയാണ് ആനകളെ തളച്ചത്.

MORE IN CENTRAL
SHOW MORE