പൊന്തൻപുഴ വനഭൂമി പ്രശ്നം; സർവെ അട്ടിമറിക്കുന്നുവെന്ന് ആരോപണം

ponthanpuzha
SHARE

പൊന്തൻപുഴ വനാതിർത്തിയിൽ താമസിക്കുന്നവരുടെ ഭൂമി വനഭൂമിയാണോയെന്ന് കണ്ടെത്താനുള്ള സംയുക്ത സർവേ വനംവകുപ്പ് അട്ടിമറിക്കുന്നതായി സമരസമിതി. റവന്യൂവകുപ്പ് നടപടിക്രമം പൂർത്തീകരിച്ചിട്ടും വനംവകുപ്പിൻറെ സർവേ വൈകുന്നതിൽ പ്രതിഷേധിച്ച് റാന്നി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ സമരസമിതി കുടിൽക്കെട്ടി പ്രക്ഷോഭം തുടങ്ങി.

വിവാദമായ പൊന്തൻപുഴ - വലിയകാവ് വനഭൂമിയുടെ അതിർത്തിയിൽ താമസിക്കുന്ന ആയിരത്തിയിരുന്നൂറോളം കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്ന റവന്യു വനം സംയുക്ത സർവേ അട്ടിമറിച്ചുവെന്നാണ് സമരക്കാരുടെ ആക്ഷേപം. ജനുവരി മുപ്പതിന് സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കമെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ റവന്യൂവകുപ്പ് നടപടികൾ പൂർത്തീകരിച്ചിട്ടും വനഭൂമി അളക്കുന്നതിനുള്ള വനംവകുപ്പിൻറെ മിനി സർവേ ടീം എത്താത്തതിനാൽ ഇതുവരെ സർവേ പൂർത്തീകരിക്കാനായിട്ടില്ല. ഇതോടെയാണ് നാട്ടുകാർ സമരവുമായി റാന്നി ഡി.എഫ്.ഓ ഓഫിസിന് മുന്നിലെത്തിയത്. സമരക്കാർ ഓഫിസിന് മുന്നിൽ കുടിൽക്കെട്ടുകയും കഞ്ഞിവച്ച് പ്രതിഷേധിക്കുകയും ചെയ്തു. നിലവിലെ വനംമന്ത്രിയിൽനിന്ന് ന്യായം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടായെന്ന് അരിപ്പ ഭൂസമര നായകൻ ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.

വനാതിർത്തിക്ക് പുറത്തു കഴിയുന്ന കുടുംബങ്ങളുടെ പട്ടയം വിവാദമായ പൊന്തൻപുഴ വനഭൂമിക്കേസിൻറെ പേരിൽ തടഞ്ഞിടാനുള്ള നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്ന് സമരസമിതി ആരോപിക്കുന്നു. 1958 ലെ വനം നോട്ടിഫിക്കേഷൻ പ്രകാരംതന്നെ വനഭൂമിക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്ന ആപേക്ഷയെ തുടർന്നാണ് സംയുക്ത സർവേക്ക് ഉത്തരവിട്ടത്. എന്നാൽ സർക്കാർ ഉത്തരവ് നടപ്പാക്കാതെ 1977ന് മുൻപ് വനം കയ്യേറിയവരുടെ ഒപ്പം പട്ടയത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്താനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അംഗീകരിക്കില്ലെന്ന് സമരക്കാർ പറയുന്നു.

MORE IN CENTRAL
SHOW MORE