ടോള്‍ പിരിവിനെതിരായ സമരം മൂന്നാം ദിവസത്തിലേക്ക്

toll
SHARE

കളമശേരി വല്ലാര്‍പാടം റോഡിലെ ടോള്‍ പിരിവിനെതിരെ കണ്ടെയ്നര്‍ ലോറികള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. ലോറി സമരത്തെത്തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴിയുള്ള ചരക്കുനീക്കം പൂര്‍ണമായും തടസ്സപ്പെട്ടു.  

മതിയായ കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച ടോള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ടെയ്നര്‍ ലോറി ഉടമകളും തൊഴിലാളികളും ഞായറാഴ്ച രാവിലെ മുതല്‍ സമരം തുടങ്ങിയത്. രണ്ടായിരത്തോളം ട്രക്കുകളാണ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി ചരക്കുനീക്കം നടത്തുന്നത്. പുറത്തുനിന്നെത്തുന്ന വാഹനങ്ങളും ചരക്ക് എടുക്കാതായതോടെ കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടു.

സമരം മൂന്നാം ദിവസത്തിലേക്കു കടന്നിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നാണ് കണ്ടെയ്നര്‍ ലോറി ഉടമകളുടെ ആക്ഷപം. സര്‍ക്കാര്‍ ഇടപെട്ട് ടോള്‍ ഒഴിവാക്കണമെന്നാണ് കണ്ടെയ്നര്‍ ലോറി ഉടമകളുടെ ആവശ്യം. തുറമുഖത്തുനിന്ന് പുറപ്പെടുന്ന ട്രക്കുകള്‍ക്ക്  പ്രതിദിനം 375 രൂപ മുതല്‍ 1,500 രൂപ വരെ ടോള്‍ നല്‍കണം. മതിയായ പാര്‍ക്കിങ് സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും ട്രക്ക് ഉടമകള്‍ പറയുന്നു.  പ്രതിദിനം പാര്‍ക്കിങ്ങിന് നല്‍കേണ്ട 300 രൂപയ്ക്കുപുറമേ ടോള്‍ കൂടി നല്‍കേണ്ടിവരുന്നത് താങ്ങാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തില്‍ വാണിജ്യവാഹനങ്ങളില്‍ നിന്നുമാത്രമാണ് ടോള്‍ പിരിക്കുന്നത്. കണ്ടെയ്നര്‍ ലോറികള്‍ സമരത്തിലായതിനാല്‍ ടോള്‍ പിരിവിലൂടെ താരതമ്യേന കുറഞ്ഞ തുകയാണ് ലഭിക്കുന്നത്. 

MORE IN CENTRAL
SHOW MORE