ഐഒസി പ്ലാന്റ് പദ്ധതി പുനരാരംഭിക്കാനൊരുങ്ങി സർക്കാർ

ioc
SHARE

പുതുവൈപ്പ് ഐഒസി പ്ലാന്റ് നിര്‍മാണം പുനരാരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. നിയമതടസങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തില്‍ പദ്ധതിയുമായി ഐഒസിക്ക്  മുന്നോട്ട് പോകാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍  ഐഒസി പ്ലാന്റ് വേണ്ടെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് പുതുവൈപ്പ് ഐഒസി വിരുദ്ധ സമര സമിതി വ്യക്തമാക്കി.  

പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുന്‍പ് നിര്‍മാണം നിലച്ച പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി സംഭരണകേന്ദ്രവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സുരക്ഷസംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാമെന്ന് ഐഒസി ഉറപ്പ് നല്‍കി. ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീംകോടതിയുമെല്ലാം പദ്ധതിക്ക് നിയമാനുമതി നല്‍കി കഴിഞ്ഞു. നിയമതടസങ്ങളെല്ലാം നീങ്ങിയ സ്ഥിതിക്ക് പദ്ധതിയുമായി ‌ഐഒസിക്ക് മുന്നോട്ട് പോകുന്നതില്‍ തടസമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

നിര്മാണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമരസമിതി പ്രവര്‍ത്തകരോടും പ്രാദേശിക ജനപ്രതിനിധികളോടും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.  എന്നാല്‍ പുതുവൈപ്പില്‍ പ്ലാന്റ് നിര്‍മാണം അനുവദിക്കില്ലെന്ന തീരുമാനത്തില്‍ സമരസമിതി ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ സംരക്ഷണം ഉറപ്പ് നല്‍കിയാല്‍ പ്ലാന്റ് നിര്‍മാണംഎത്രയും പെട്ടെന്ന് തന്നെ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഐഒസി. സുരക്ഷയെ കുറിച്ചുള്ള പ്രദേശവാസികളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ഐഒസിയുടെ നിലപാട്

MORE IN CENTRAL
SHOW MORE