പ്രതിഷേധം മറികടന്ന് കൊച്ചി കണ്ടയ്നര്‍ റോഡില്‍ ടോള്‍ പിരിവ്

kochi-container
SHARE

നാട്ടുകാരുടെ പ്രതിഷേധം മറികടന്ന് കൊച്ചി കണ്ടയ്നര്‍ റോഡില്‍ ടോള്‍ പിരിവ് തുടങ്ങി. എതിര്‍പ്പുമായി പൊന്നാരിമംഗലം ടോള്‍ പ്ലാസയില്‍ സമരത്തിനെത്തിയ നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ടോള്‍ പിരിവാരംഭിച്ചത്. വാണിജ്യ ആവശ്യത്തിനുളള വാഹനങ്ങളില്‍ നിന്നു മാത്രമാണ് തല്‍ക്കാലം ടോള്‍ പിരിവ്.

സര്‍വീസ് റോഡ് നിര്‍മാണത്തിന്‍റെ കാര്യത്തിലടക്കം ജില്ലാ ഭരണകൂടം നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുളവുകാട്ടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്. ടോള്‍ പിരിവ് തടഞ്ഞു കൊണ്ട് നാട്ടുകാര്‍ വാഹനങ്ങള്‍ ടോള്‍ പ്ലാസയിലൂടെ കടത്തിവിട്ടു.

ടോള്‍ പിരിക്കുന്ന കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതോടെ  പൊലീസ് നടപടിയും തുടങ്ങി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി.

പ്രതിഷേധക്കാരുടെ അറസ്റ്റിനു പിന്നാലെ ടോള്‍ പിരിവും തുടങ്ങി. നടപടിയില്‍ പ്രതിഷേധിച്ച് കണ്ടയ്നര്‍ ഉടമകള്‍ സര്‍വീസും നിര്‍ത്തിവച്ചിരിക്കുകയാണ്. പൊലീസ് നടപടിയോടെ ഇന്നത്തെ പ്രതിഷേധം അവസാനിച്ചെങ്കിലും വരും ദിവസങ്ങളിലും സമരം തുടരുമെന്നു തന്നെയാണ് നാട്ടുകാരുടെ പ്രഖ്യാപനം.

MORE IN CENTRAL
SHOW MORE