ഹോര്‍ട്ടിക്കോര്‍പ്പിന്റെ പച്ചക്കറി സംഭരണം പാളി; വിളകള്‍ വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകർ

idukki-horticorp
SHARE

ഇടുക്കി കാന്തല്ലൂരില്‍  ഹോര്‍ട്ടിക്കോര്‍പ്പിന്റെ പച്ചക്കറി സംഭരണം പാളിയതോടെ  വിളകള്‍ വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍. ഉല്‍പന്നങ്ങള്‍ പാടത്ത് ചീഞ്ഞ് നശിക്കുന്നു. സംഭരിച്ച പച്ചക്കറിയുടെ പണവും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 

ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലെ കര്‍ഷകരാണ് വിളകള്‍ വിറ്റഴിക്കാന്‍ കഴിയാതെ വലയുന്നത്. പുത്തൂര്‍, കാന്തല്ലൂര്‍, പെരുമല തുടങ്ങിയ ഗ്രാമങ്ങളില്‍ കൃഷിയിറക്കിയിരിക്കുന്ന കാബേജ്, കാരറ്റ് തുടങ്ങിയ വിളകളാണ്  പാടത്ത് ചീഞ്ഞ് നശിക്കുന്നത്. വിഎഫ്പിസികെയും , ഹോര്‍ട്ടികോര്‍പ്പും  കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ പൂര്‍ണമായും ശേഖരിക്കാന്‍ തയ്യാറാകാത്തതും മുന്‍പ് സംഭരിച്ചവയുടെ തുക നല്‍കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. 

മറയൂരില്‍ നിന്ന്  ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ സംഭരിക്കാറുണ്ടെങ്കിലും ഓരോ കര്‍ഷകനില്‍ നിന്നും ഭാഗികമായി മാത്രം സംഭരിക്കുകയാണ് പതിവ്.  എന്നാല്‍ കൃഷിയിറക്കുന്നത് ഒരുമിച്ചായതിനാല്‍ ആഴ്ചകള്‍ ഇടവെട്ട് വിളവെടുക്കുന്നത്  പ്രായോഗികമല്ല. വിഎഫ്പിസികെയില്‍ ആറുമാസത്തിന് മുന്‍പ് നല്‍കിയ ഉത്പന്നങ്ങളുടെ വിലപോലും ലഭിച്ചിട്ടല്ല.

ശേഷിക്കുന്ന പച്ചക്കറികള്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ സംഭരിക്കുമെന്നും,  കര്‍ഷര്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കുവാന്‍  നടപടി സ്വീകരിക്കുമെന്നും വിഎഫ്പിസികെ അധികൃതര്‍ അറിയിച്ചു.

MORE IN CENTRAL
SHOW MORE