ചാലക്കുടി പുഴയിലെ മണ്ണും മണലും നീക്കുന്നു; നീറ്റാ ജലാറ്റിന്‍ കമ്പനിക്കു വേണ്ടിയെന്ന് ആരോപണം

chalakudi-river
SHARE

ചാലക്കുടി പുഴയിലെ മണ്ണും മണലും നീക്കി ആഴം കൂട്ടുന്നത് കൊരട്ടി കാതിക്കുടം നീറ്റാ ജലാറ്റിന്‍ കമ്പനിയെ സഹായിക്കാനാണെന്ന് സമര സമിതി. സര്‍ക്കാര്‍ ഉത്തരവുപ്രകാരം പുഴയുടെ ആഴം കൂട്ടുന്നത് കനത്ത പൊലീസ് സുരക്ഷയിലാണ്. പ്രകടനം നടത്തിയ സമരക്കാരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  

ചാലക്കുടി പുഴയുടെ അരികിലാണ് നീറ്റാ ജലാറ്റിന്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. ജപ്പാന്‍ ആസ്ഥാനമായുള്ള കമ്പനി മെഡിക്കല്‍ ഉല്‍പന്നങ്ങളാണ് നിര്‍മിക്കുന്നത്. മാലിന്യം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിന് എതിരെ പത്തു വര്‍ഷമായി സമരം നടക്കുന്നു. ഇതിനിെടയാണ്, ചാലക്കുടി മുന്‍സിഫ് കോടതി പുഴയില്‍ നിന്ന് ജലമെടുക്കുന്നതിനെ വിലക്കി ഉത്തരവിറക്കിയത്. അടുത്ത മാസം രണ്ടു വരെ പുഴയില്‍ നിന്ന് വെള്ളം എടുക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. കമ്പനിയുടെ പമ്പ് ഹൗസിനു സമീപം പുഴയില്‍ വന്നടിഞ്ഞ ചെളിയും മണലും നീക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇറിഗേഷന്‍ വകുപ്പിനാണ് ഇതിന്റെ ചുമതല. പൊലീസിന്റെ കനത്ത സുരക്ഷയിലായിരുന്നു പുഴയിലെ ചളിനീക്കിയത്.

കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് െചയ്തു.

എന്നാല്‍, പുഴയിലെ ചെളി നീക്കുന്നതില്‍ കമ്പനിയ്ക്കു പങ്കില്ലെന്ന് നീറ്റാ ജലാറ്റിന്‍ അധികൃതര്‍ പ്രതീകരിച്ചു. പുഴയിലെ ചെളിയും മണലും നീക്കുന്നതിന് എതിരെ സമീപ പഞ്ചായത്തുകള്‍ ഇറിഗേഷന്‍ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. പ്രളയത്തിനു ശേഷം പുഴയില്‍ വെള്ളമില്ലാത്തതു കണക്കിലെടുത്താണിത്. ഈ പരാതികള്‍ സര്‍ക്കാര്‍ അവഗണിച്ചെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE