വീടിന്റെ ടെറസ് സോളാര്‍ വൈദ്യുതിക്ക്; പദ്ധതിയില്‍ അംഗമാകാന്‍ തിക്കും തിരക്കും

KSEB-Solar-project
SHARE

വീടിന്റെ ടെറസ് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കെ.എസ്.ഇ.ബിയ്ക്കു വിട്ടുകൊടുക്കുന്ന പദ്ധതിയില്‍ അംഗമാകാന്‍ തൃശൂര്‍ ജില്ലയില്‍ അപേക്ഷാ പ്രവാഹം. മുഴുവന്‍ ചെലവും കെ.എസ്.ഇ.ബി. വഹിക്കുമെന്ന പ്രഖ്യാപനം കേട്ട് തൃശൂര്‍ ജില്ലയില്‍ ഇതിനോടകം പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി.

വീടിന്റെ ടറസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി വീട്ടുടമയ്ക്കു കെ.എസ്.ഇ.ബി നല്‍കും. ബാക്കിയുള്ള വൈദ്യുതി കെ.എസ്.ഇ.ബി. എടുക്കും. ഇനി, മേല്‍ക്കൂരയില്‍ വീട്ടുകാര്‍തന്നെ പണംമുടക്കിയാല്‍ കെ.എസ്.ഇ.ബി. സൗരനിലയം സ്ഥാപിയ്ക്കും. വൈദ്യുതി പ്രത്യേക നിരക്കില്‍ കെ.എസ്.ഇ.ബി.തന്നെ വാങ്ങും. ഇതിനായി 25 വര്‍ഷത്തേയ്ക്കു പ്രത്യേക കരാറുണ്ടാക്കും. തൃശൂര്‍ ജില്ലയില്‍ മുപ്പതു മെഗാവാട്ട് വൈദ്യുതി ഇങ്ങനെ ഉല്‍പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. ഇതിനോടകംതന്നെ ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വീടുകള്‍ കെ.എസ്.ഇ.ബിയ്ക്കു ലഭിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പരിശോധനകള്‍ക്കു ശേഷമാകും വീടുകള്‍ നിശ്ചയിക്കുക. അപേക്ഷിച്ച എല്ലാ വീട്ടുടമകള്‍ക്കും ലഭിക്കണമെന്നില്ല. സൗരോര്‍ജ്ജം സുഗമമായി ലഭിക്കാന്‍ ഇടയുള്ള സാഹചര്യം വീടിന്റെ ടറസിലുണ്ടോയെന്ന് പരിശോധിക്കും. 

സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണി കെ.എസ്.ഇ.ബി.തന്നെ നിര്‍വഹിക്കും. ജൂണ്‍ മാസത്തോടെ വീടിന്റെ ടറസുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം.

MORE IN CENTRAL
SHOW MORE