ജങ്കാര്‍ സര്‍വീസ് മുടങ്ങിയിട്ട് ഏഴു മാസം; വലഞ്ഞ് യാത്രക്കാർ

boat
SHARE

തൃശൂര്‍ അഴീക്കോട്- മുനമ്പം ജങ്കാര്‍ സര്‍വീസ് മുടങ്ങിയിട്ട് ഏഴു മാസം. ജങ്കാര്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കുറ്റികള്‍ കടപുഴകി വീണതാണ് കാരണം. രണ്ടാഴ്ച കൊണ്ടു തീര്‍ക്കാവുന്ന ജോലികള്‍ ഏഴു മാസമായിട്ടും അവസാനിച്ചിട്ടില്ല.  

ജങ്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ട് കൊടുങ്ങല്ലൂര്‍ അഴീക്കോട് മേഖലയില്‍. അഴീക്കോട് നിന്ന് മുനമ്പത്തേയ്ക്കുള്ള ജങ്കാര്‍ സര്‍വീസ് ഏഴു മാസമായി മുടങ്ങിയതിന്റെ കാരണം അധികൃതരുടെ അനാസ്ഥതന്നെ. ജില്ലാ പഞ്ചായത്തും തുറമുഖ എന്‍ജിനീയറിങ് വിഭാഗവും കരാര്‍ വിളിച്ചു. പക്ഷേ, കരാര്‍ ഏറ്റെടുക്കാന്‍ ആളില്ല. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ ഇതിനായി 35 ലക്ഷം രൂപയുണ്ട്. ഇതില്‍ പത്തു ലക്ഷം രൂപ നാലു മാസം മുമ്പാണ് തുറമുഖ വകുപ്പിനെ ഏല്‍പിച്ചത്. നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും ജങ്കാര്‍ സര്‍വീസ് മുടങ്ങിയതോടെ ദുരിതത്തിലാണ്. 

കോടികള്‍ ചെലവിട്ടാണ് ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചത്. നിലവില്‍ ജങ്കാര്‍ പുഴയില്‍ കെട്ടിയിട്ടിരിക്കുകയാണ്. പ്രാദേശിക സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയുണ്ട്. പക്ഷേ, ഉത്തരവാദിത്വപ്പെട്ടവര്‍ ഉറക്കം നടിക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. 

MORE IN CENTRAL
SHOW MORE