ആംബുലന്‍സുകള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ലെന്ന് പരാതി

kanjirapally-ambulance
SHARE

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ആംബുലന്‍സുകള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. ആശുപത്രി റജിസ്റ്ററില്‍ ദിവസേന ഒപ്പിടുന്ന ഡ്രൈവര്‍മാര്‍ ജോലിചെയ്യാതെ ശമ്പളം കൈപ്പറ്റുന്നു. ആശുപത്രി അധികൃതരുടെ ഒത്താശയോടെയുള്ള കള്ളക്കളി   സ്വകാര്യ ലോബിയെ സഹായിക്കാനെന്നാണ് ആരോപണം. 

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് രണ്ട് ആംബുലന്‍സുകളാണ് സ്വന്തമായുള്ളത്. ഇതിനായി രണ്ട് ഡ്രൈവര്‍മാരെയും നിയമിച്ചിട്ടുണ്ട്. രാവിലെ റജിസ്റ്ററില്‍ ഒപ്പിട്ട് മടങ്ങുന്ന ഡ്രൈവര്‍മാര്‍ രാത്രിയില്‍ പക്ഷെ ഡ്യൂട്ടിക്ക് ഉണ്ടാകാറില്ല. വെളളിയാഴ്ച്ച ശബരിമലയിലേക്കുള്ള  കാനനപാതയിൽ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ തീര്‍ഥാടകരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് തട്ടിപ്പ് ബോധ്യപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ആംബുലന്‍സ് തിരക്കിയപ്പോള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാരില്ല. ഒടുവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് പുറത്തു നിന്ന് ആംബുലന്‍സ് വിളിച്ചാണ് പരുക്കേറ്റവരെ മാറ്റിയത്. ഇതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. 

സംഭവം മറച്ചുവെയ്ക്കാന്‍ ആശുപത്രി സൂപ്രണ്ടും ശ്രമിച്ചു. ഒടുവില്‍ പ്രതിഷേധം ശക്തമായതോടെ ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി. കുറ്റകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഡിഎംഒയും ഉറപ്പു നല്‍കി. ആശുപത്രിയിലെ രണ്ട് ആംബുലന്‍സുകളും തകരാറിലാണെന്നാണ് ഡ്രൈവര്‍മാരുടെ വിശദീകരണം. പകരം ചങ്ങാനാശേരി ആശുപത്രിയില്‍ നിന്നെത്തിച്ച ആംബുലന്‍സ് ഓടിക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞ് ഓടിക്കാറുമില്ല. സ്വകാര്യ ലോബിയെ സഹായിക്കാനുള്ള നീക്കത്തിനെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. 

‌ 

MORE IN CENTRAL
SHOW MORE