വൈപ്പിന്‍ പള്ളിപ്പുറം കോണ്‍വെന്റ് ബീച്ച് പാലം യാഥാര്‍ഥ്യമാകുന്നു

vypin-bridge-12
SHARE

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വൈപ്പിന്‍ പള്ളിപ്പുറം കോണ്‍വെന്റ് ബീച്ച് പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. 

ചെറായി കോണ്‍വെന്റ് ബീച്ച് നിവാസികളുടെ പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടപ്പുറത്തെ നൂറുകണക്കിനുപേര്‍ മറുകരയെത്തുന്നത് പഞ്ചായത്ത് വക കടത്തുവഞ്ചിയെ ആശ്രയിച്ചാണ്.  മാറിമാറിവന്ന സര്‍ക്കാരുകള്‍ അവഗണന തുടര്‍ന്നതോടെ പ്രദേശത്തെ വീട്ടമ്മമാര്‍ ചേര്‍ന്ന് സമരത്തിനിറങ്ങിയിരുന്നു. കായലില്‍ കഴുത്തറ്റം വെള്ളത്തില്‍ കിടന്നും തിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും നാട്ടുകാര്‍ നടത്തിയ സമരപരമ്പരകളാണ് പാലത്തിന് വഴിയൊരുക്കിയത്. 

നബാര്‍ഡ് തുക അനുവദിച്ചതിനെത്തുടര്‍ന്ന് രണ്ടരവര്‍ഷം മുന്‍പ് പാലത്തിന് ശിലപാകിയെങ്കിലും ഡിസൈനിലെ സാങ്കേതികത്തകരാര്‍ മൂലം നിര്‍മാണം മുടങ്ങുകയായിരുന്നു. പുതിയ ഡിസൈന്‍ ഉണ്ടാക്കിയപ്പോള്‍ എസ്റ്റിമേറ്റ് തുക, 16.9 കോടിയില്‍ നിന്ന് 24.46 കോടി രൂപയായി ഉയര്‍ന്നത് വീണ്ടും തലവേദനയായി. അധികതുക പൊതുമരാമത്ത് വകുപ്പ് വഹിക്കാമെന്ന് ധാരണയായതോടെയാണ് പാലമെന്ന സ്വപ്നത്തിന് വീണ്ടും ജീവന്‍വച്ചത്. ചെറായി കോണ്‍വെന്റ് ബീച്ച് നിവാസികള്‍ക്ക് എളുപ്പത്തില്‍ സംസ്ഥാന പാതയിലെത്താനുള്ള മാര്‍ഗമായാണ് പള്ളിപ്പുറം കോണ്‍വെന്റ് ബീച്ച് പാലം നിര്‍മിക്കുന്നത്. 

MORE IN CENTRAL
SHOW MORE