കൊച്ചി-വൈപ്പിൻ രണ്ടാം റോ റോ സർവീസ് തുടങ്ങിയില്ല; പ്രതിഷേധം

ro-ro
SHARE

കൊച്ചി വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ റോ റോ സർവീസ് തുടങ്ങാത്തതിൽ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. ഉദ്ഘാടനം നടത്തി ഏഴു മാസം കഴിഞ്ഞിട്ടും രണ്ടാമത്തെ റോ റോ നീറ്റിലിറക്കാത്തതിനെതിരെ കൊച്ചി നഗരസഭയ്ക്ക് മുന്നിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പശ്ചിമ കൊച്ചിക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഏപ്രിലിലാണ് റോ റോ സർവീസ് തുടങ്ങിയത്. ഡ്രൈവറില്ലാത്തതിനാൽ ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകം സർവീസ് മുടങ്ങുകയും ചെയ്തു. രണ്ടാഴ്ച കൊണ്ട് പ്രശ്നം പരിഹരിച്ച് ആദ്യത്തെ റോ റോ സർവീസ് തുടങ്ങിയെങ്കിലും രണ്ടാമത്തെ റോ റോ ഇപ്പോഴും കട്ടപ്പുറത്താണ്. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ക്രിസ്മസ്, ബിനാലെ സീസണിനു മുന്പ് രണ്ടാമത്തെ സർവീസും ആരംഭിക്കുമെന്നായിരുന്നു മേയറുടെ ഒടുവിലത്തെ ഉറപ്പ്. എന്നാൽ ഈ ഉറപ്പും പാഴ്വാക്കായതോടെയാണ്പശ്ചിമകൊച്ചിക്കാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രമാണ് സർവീസ് ആരംഭിക്കാൻ വൈകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

എത്രയും വേഗം രണ്ടാമത്തെ സർവീസ് ആരംഭിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. അതേസമയം ഡ്രൈവറില്ലാത്തതും അറ്റകുറ്റപ്പണികൾ ബാക്കിയുണ്ട് എന്നതുമാണ സർവീസ് തുടങ്ങാൻ വൈകുന്നതിന് നഗരസഭ പറയുന്ന ന്യായം.

MORE IN CENTRAL
SHOW MORE