പ്രീത ഷാജി രണ്ടുദിവസത്തിനകം വീടൊഴിയണമെന്ന് ഹൈക്കോടതി

preetha-shaji
SHARE

ജപ്തി നടപടി നേരിടുന്ന പ്രീത ഷാജി രണ്ടുദിവസത്തിനകം വീടൊഴിയണമെന്ന് ഹൈക്കോടതി. വീട് പൂട്ടി താക്കോല്‍ തൃക്കാക്കര വില്ലേജ് ഓഫിസറെ ഏല്‍പിക്കണം. പ്രശ്നപരിഹാരത്തിന് പ്രീത ഷാജിക്ക് പലതവണ അവസരം നല്‍കിയതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സുഹൃത്തിന് ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് കൊച്ചി ഇടപ്പള്ളി സ്വദേശി പ്രീതാ ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യപ്പെട്ടത്. പ്രീത ഷാജിയും കുടുംബവും വീടൊഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥലം ലേലത്തില്‍ സ്വന്തമാക്കിയ രതീഷ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. രണ്ടുദിവസത്തിനകം വീടൊഴിയാന്‍ കോടതി പ്രീത ഷാജിക്ക് നിര്‍ദേശം നല്‍കി. വീടിന്റെ താക്കോല്‍ തൃക്കാക്കര വില്ലേജ് ഓഫിസറെ ഏല്‍പിക്കണം. വില്ലേജ് ഓഫിസര്‍ അത് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറണം. നടപടികള്‍ പൂര്‍ത്തിയാക്കി ഈമാസം ഇരുപത്തിനാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിക്ക് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. 

വസ്തു ലേലത്തിന് വച്ച ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് പ്രീത ഷാജി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. കേസില്‍ അടുത്തമാസം ഒന്നിനകം വാദം പൂര്‍ത്തിയാക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇടപ്പള്ളിയിലെ സ്ഥലത്തിനു പകരം മറ്റൊരിടത്ത് സ്ഥലം നല്‍കാമെന്ന വാഗ്ദാനം ഇപ്പോഴുമുണ്ടല്ലോയെന്ന് കോടതി ഓര്‍മിപ്പിച്ചു. കോടതിയിൽ നിന്ന് നിയമപരമായ ഒരു ആനുകൂല്യവും പ്രീത ഷാജി അർഹിക്കുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കരുതെന്നും കോടതി താക്കീത് നല്‍കി. കേസ് അന്തിമവാദത്തിനായി അടുത്തമാസം മൂന്നിലേക്ക് മാറ്റി.

MORE IN CENTRAL
SHOW MORE