ഏലൂരില്‍ തീപിടിച്ചപ്പോള്‍ ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയതായി ആരോപണം

fire-force
SHARE

കൊച്ചി ഏലൂരില്‍ കിടക്കനിര്‍മാണകേന്ദ്രത്തിനു തീപിടിച്ചപ്പോള്‍ ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയതായി ആരോപണം. തീപിടിത്തത്തെക്കുറിച്ച് അറിയിച്ചിട്ടും ഏറെ വൈകിയാണ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയതെന്ന് സ്ഥലം എംഎല്‍എ വി.കെ.ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു. തീപിടിത്തത്തില്‍ കിടക്കനിര്‍മാണകേന്ദ്രം പൂര്‍ണമായി കത്തിനശിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഏലൂര്‍ വ്യവസായമേഖലയ്ക്കുസമീപം മേത്താനത്ത് പ്രവര്‍ത്തിക്കുന്ന കിടക്കനിര്‍മാണകേന്ദ്രത്തിനു തീപിടിച്ചത്. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവസമയത്ത് രണ്ടുനിലക്കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഞ്ച് അഗ്നിശമന യൂണിറ്റുകളും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞിട്ടും ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയെന്ന് വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ആരോപിച്ചു. 

ഏലൂര്‍ വ്യവസായമേഖലയിലെ ഫാക്ട് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയിരുന്നെങ്കില്‍ തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിതരണത്തിനു തയാറായ കിടക്കകളും, കിടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളും തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കണ്ണൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെള്ളപ്പൊക്കത്തില്‍ വലിയ നാശം നേരിട്ട ഈ സ്ഥാപനം, പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിച്ചതിനു പിന്നാലെയാണ് അടുത്ത ദുരന്തമെത്തിയത്. ലക്ഷക്കണക്കിനുരൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

MORE IN NORTH
SHOW MORE