കളമശേരി നഗരസഭയിലെ നേതൃമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

kalamaserry
SHARE

എറണാകുളം കളമശേരി നഗരസഭയിലെ നേതൃമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു . അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന  ഡിസിസി നേതൃത്വത്തിന്‍റെ അന്ത്യശാസനം അനുസരിക്കാന്‍ നിലവിലെ അധ്യക്ഷ ജെസി പീറ്റര്‍ ഇപ്പോഴും തയാറായിട്ടില്ല.  ഇരുഗ്രൂപ്പ് നേതാക്കളുമായും ഡിസിസി പ്രസിഡന്‍റ് നാളെ നടത്തുന്ന ചര്‍ച്ചയിലും ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ ജെസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ കുറിച്ചും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. 

 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ രണ്ടര വര്‍ഷം കാലാവധി നിശ്ചയിച്ചാണ് ജെസി പീറ്ററെ കളമശേരി നഗരസഭ അധ്യക്ഷയാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. ഈ കാലവധി ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് അവസാനിച്ചു. എന്നാല്‍ ജെസി പീറ്റര്‍ സ്ഥാനമൊഴിഞ്ഞില്ല. ഇതോടെയാണ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഡിസിസി പ്രസിഡന്‍റ് ജെസിക്ക് കത്തു നല്‍കിയത് . കത്തു നല്‍കി ഒരു ദിവസം പിന്നിട്ടിട്ടും ജെസി രാജിക്ക് തയാറായിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം കത്തു കിട്ടിയതിനു പിന്നാലെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചെയര്‍പേഴ്സണ്‍ ഇപ്പോഴും അവിടെ തുടരുകയുമാണ്. കെപിസിസിയുടെ വിപ്പനുസരിച്ചാണ് താന്‍ നഗരസഭ അധ്യക്ഷ ആയതെന്നും അതിനാല്‍ കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടാലേ രാജിവയ്ക്കൂ എന്നുമുളള നിലപാട് ജെസി പീറ്റര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. എ ഗ്രൂപ്പിലെ രണ്ട് കൗണ്‍സിലര്‍മാരുടെ പിന്തുണയും ജെസിക്കുണ്ട്.ഈ സാഹചര്യത്തിലാണ് പ്രതിസന്ധി ചര്‍ച്ചയാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്ന എ,ഐ ഗ്രൂപ്പ് നേതാക്കള്‍ അംഗങ്ങളായ  ഡിസിസി ഉപസമിതി നാളെ യോഗം ചേരുന്നത്. ജെസി പീറ്ററെ അനുനയിപ്പിക്കാനുളള നീക്കങ്ങളാണ് മുഖ്യചര്‍ച്ചാ വിഷയം .

അനുനയ നീക്കങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ആലോചന. ജെസി മാറിയാല്‍ ഐ ഗ്രൂപ്പിലെ ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ നഗരസഭ അധ്യക്ഷനുമായ ജമാല്‍ മണക്കാടന്‍റെ ഭാര്യ റുഖിയ ജമാലിനെ അധ്യക്ഷയാക്കാനാണ് നിലവിലെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ തന്നെ റുഖിയയെ അധ്യക്ഷയാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്നത്തെ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരന്‍റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് ഈ നീക്കം പൊളിയുകയായിരുന്നു. അതേസമയം തര്‍ക്കം തീരുന്നില്ലെങ്കില്‍  മറ്റാരെയെങ്കിലും അധ്യക്ഷയാക്കിയുളള പ്രശ്ന പരിഹാര സാധ്യതയും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.