ഡിസംബർ 12 മുതൽ കൊച്ചിയിൽ ബിനാലെക്കാലം; വരുമാനം പ്രളയകേരളത്തിന്

muzris-biennale
SHARE

കൊച്ചി മുസിരിസ് ബിനാലെയുടെ നാലാംപതിപ്പ് അടുത്തമാസം പന്ത്രണ്ടിന് തുടങ്ങും. നാലുമാസം നീളുന്ന ബിനാലെയില്‍ 31 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്മാര്‍ പങ്കെടുക്കും. നവകേരള നിര്‍മിതിക്ക് കൈത്താങ്ങാവാനും ബിനാലെ ലക്ഷ്യമിടുന്നു. 

ഡിസംബര്‍ പന്ത്രണ്ട് മുതല്‍ മാര്‍ച്ച് ഇരുപത്തൊന്‍പത് വരെയാണ് നാലാമത് കൊച്ചി മുസിരിസ് ബിനാലെ അരങ്ങേറുന്നത്. മുപ്പത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള 138 കലാകാരന്മാര്‍ ചേര്‍ന്ന് 95 കലാസൃഷ്ടികളാണ് ഒരുക്കുന്നത്.

ആദ്യ ബിനാലെയില്‍ കലാകാരിയായി പങ്കെടുത്ത അനിത ദുബെയുടെ നേതൃത്വത്തിലാണ് ബിനാലെയിലേക്കുള്ള കലാസൃഷ്ടികള്‍ തിരഞ്ഞെടുത്തത്. കൊച്ചി മുസിരിസ് ബിനാലെയിലെ ആദ്യ വനിതാ ക്യൂറേറ്ററാണ് അനിത ദുബെ.

പ്രതിനിധികളില്‍ പകുതിയോളം പേരും വനിതകളാണെന്ന സവിശേഷതയും ഇത്തവണത്തെ ബിനാലെയ്ക്കുണ്ട്. കലാകാരന്മാരെയും സാധാരണക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന കലാസൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കുന്നതെന്ന് അനിത ദുബെ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂന്നിയല്ല കലാസൃഷ്ടികള്‍ തിരഞ്ഞെടുത്തതെന്ന് അവര്‍ വ്യക്തമാക്കി.    

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും ബിനാലെ പങ്കാളിയാകും. ബിനാലെയില്‍ നിന്നുള്ള വരുമാനത്തിലൂടെ 600 ചതുരശ്ര അടി വിസ്തൃതിയുള്ള പന്ത്രണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് സംഘാടകരുടെ ലക്ഷ്യം. ബിനാലെയോടനുബന്ധിച്ച് നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE