പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സിഐടിയു ഓഫീസ് ബസ് കാത്തിരിപ്പുകേന്ദ്രമാക്കി

aluva
SHARE

പൊളിച്ചുമാറ്റാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ട സി.ഐ.ടി.യു ഒാഫീസ് കെട്ടിടം ബസ് കാത്തിരിപ്പുകേന്ദ്രമാക്കി പഞ്ചായത്തിന്റെ തിരിമറി. ആലുവ കീഴ്മാട് പഞ്ചായത്താണ് ഭരണാനുകൂല സംഘടനക്ക് വേണ്ടി നിയമത്തെ കൊഞ്ഞനംകുത്തുന്നത്. ഇതോടെ കമ്മിഷന്റെയും ജില്ലാ കലക്ടറുടെയും ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ പൊതുമരാമത്ത് വകുപ്പ് ത്രിശങ്കുവിലായി. റോഡപകടങ്ങള്‍ക്ക് കാരണം പുറമ്പോക്കിലെ സി.ഐ.ടി.യു ഒാഫീസ് കെട്ടിടമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊളിച്ചുമാറ്റാന്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.

ആലുവ മനക്കത്താഴം കവലയില്‍ പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരല്‍ഭുത കെട്ടിടമാണിത്. രണ്ടാഴ്ച മുന്‍പുവരെ ഇത് സിഐടിയു ഓഫീസ് ആയിരുന്നു. ഇപ്പോള്‍ ബസ് കാത്തിരിപ്പ് കേന്ദ്രമാണെന്ന് പഞ്ചായത്ത് പറയുന്നു. കൊടിതോരണങ്ങളാല്‍ അലങ്കരിച്ച, നാലുചുവരും അടച്ചുകെട്ടി, വാതിലും പൂട്ടും ഒക്കെയുള്ള അത്യപൂര്‍വ ബസ് വെയ്റ്റിങ് ഷെഡ്. അമ്പരപ്പിക്കുന്ന ഈ പരിണാമത്തിന്റെ കഥ ഇങ്ങനെ. റോഡിന്റെ വളവില്‍ പുറമ്പോക്കില്‍ ഇരിക്കുന്ന കെട്ടിടം അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പരാതിയില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മിഷന്‍ ഇത് പൊളിച്ചുനീക്കാ‍ന്‍ ഉത്തരവിട്ടു. ജില്ലാ കലക്ടറും ഇടപട്ടതിനെ തുടര്‍ന്ന്, ഉത്തരവ് നടപ്പാക്കാന്‍ പൊതുമരാമത്ത് ഉദ്യോ‌ഗസ്ഥര്‍ എത്തിയപ്പോഴാണ്,, സിഐടിയു ഓഫീസല്ല, ബസ് കാത്തിരിപ്പ് കേന്ദ്രമാണെന്ന വിചിത്രവാദം ഉയര്‍ന്നത്. പഞ്ചായത്തും ഇത് അംഗീകരിച്ചതോടെ മറ്റ് വഴിയില്ലാതെ ഉദ്യോഗസ്ഥര്‍ വന്നതുപോലെ തിരിച്ചുപോയി.

ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാന്‍ നീക്കമുണ്ടെന്ന് ആരോപിച്ച് കിട്ടിയ ഒരു പരാതി കഴിഞ്ഞ മാസം 9ന് പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷ പിന്തുണയോടെ അതിനെതിരെ പ്രമേയവും പാസാക്കി. ഇതാണ് പഞ്ചായത്തിന്റെ ഇപ്പോഴത്തെ നിലപാടിന് അടിസ്ഥാനം. എന്നാല്‍ സിഐടിയു ഓഫീസ് കെട്ടിടത്തെ ബസ് വെയ്റ്റിങ് ഷെഡ് എന്ന മട്ടില്‍ അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷവും ഇപ്പോള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.