ആലപ്പുഴയിൽ വൈൻ റെയ്ഡ്; പിടികൂടിയത് പതിനൊന്നായിരം ലിറ്റർ വൈൻ

wine-raid
SHARE

ആലപ്പുഴ കറ്റാനത്ത് അനധികൃത വൈൻ നിർമ്മാണ യൂണിറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ പതിനൊന്നായിരം ലിറ്റർ വൈൻ പിടികൂടി. വൈൻ ഉൽപാദനം നടത്തിയതിന് അറസ്റ്റിലായ കറ്റാനം സ്വദേശി തോമസ് വർഗീസിനെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. 

മാവേലിക്കര കറ്റാനം നെല്ലിമുക്ക് ജംഗഷനിൽ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനത്തിന്റെ മറവിൽ അനധികൃതമായി വൈൻ ഉത്പാദിപ്പിച്ച് വിൽപ്പന നടത്തിവന്ന മാവേലിക്കര കറ്റാനം സൗഭാഗ്യവീട്ടിൽ തോമസ് വർഗീസാണ് പിടിയിലായത്. മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജെ റോയിയും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 11000 ലീറ്റർ അനധികൃത വൈൻ പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യേകമായി തയാറാക്കിയ സ്ഥലത്ത് കുടിവെള്ള ടാങ്കുകളിലാണ് വൈൻ നിർമിച്ചിരുന്നത്. 

മുന്തിരി ഡ്രിങ്ക് എന്ന പേരെഴുതി കുപ്പികളിൽ നിറച്ച് വിൽപനയ്ക്ക് തയാറാക്കി വച്ചിരുന്ന വൈനും പിടിച്ചെടുത്തിട്ടുണ്ട്. ആവശ്യക്കാർക്ക് ലീറ്ററിനു 200 രൂപ നിരക്കിലായിരുന്നു വിൽപന. വൈൻ വാങ്ങാൻ വരുന്നവർക്ക് വൈൻ കഴിക്കുന്നതിനുളള സൗകര്യവും ഇയാൾ നൽകിയിരുന്നു . മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വ്യാപാര സ്ഥാപനവും പരിസരവും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

MORE IN CENTRAL
SHOW MORE