കാത്തിരിപ്പിന് വിരാമം; കൊച്ചിയിൽ നിന്ന് ഡെമു സർവീസ് പുനരാരംഭിച്ചു

kochi-memu
SHARE

നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ സൗത്തിലേയ്ക്ക് സര്‍വീസ് നടത്തുന്ന ഡെമു ട്രെയിനില്‍ 300 പേര്‍ക്ക് യാത്ര ചെയ്യാം. ദിവസവും രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും സൗത്തിലേയ്ക്കും തിരികെ ഒന്‍പതിനും വൈകിട്ട് 6.20നുമാണ് സര്‍വീസുകള്‍. 

പതിനാലു വര്‍ഷത്തിന് ശേഷം കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വെ സ്റ്റേഷന് ശാപമോക്ഷം. പതിവ് ആഘോഷങ്ങളോ ഉദ്ഘാടനമോ ഇല്ലാതെ നാട്ടുകാരും ഓള്‍ഡ് റെയില്‍വെ സ്റ്റേഷന്‍ വികസന സമിതിയും ചേര്‍ന്ന് ഡെമു കോച്ചിനെ സ്വീകരിച്ചു. രാവിലെ എട്ടിന് ഓടിത്തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 9.10നാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. എങ്കിലും നാട്ടുകാരുടെ ആവേശത്തിന് ഒട്ടുംകുറവുണ്ടായില്ല. 

ഒരുമാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുക. അതിനാല്‍ തന്നെ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ച് സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്താന്‍ 40 മിനിറ്റോളം സമയമെടുക്കും. ഈ രണ്ട് സ്റ്റേഷനും ഇടയില്‍ മട്ടാഞ്ചേരി ഹാള്‍ട്ടില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. 1948ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനില്‍ നിന്ന് വീണ്ടും ട്രെയിന്‍ ഓടിത്തുടങ്ങിയതിന്റെ സന്തോഷം യാത്രക്കാരും മറച്ചുവച്ചില്ല. 

കൂടുതല്‍ ട്രെയിനുകളും ദീര്‍ഘദൂര സര്‍വീസുകളും ഇവിടെ നിന്ന് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. പശ്ചിമകൊച്ചിക്കാര്‍ക്ക് മാത്രമല്ല, കൊച്ചിയുടെ ടൂറിസം മേഖലയ്ക്ക് വരെ ഉപകാരപ്രഥമാകും ഡെമു സര്‍വീസ്.

MORE IN CENTRAL
SHOW MORE