പ്രളയത്തിൽ തകർന്ന ഇല്ലിക്കല്‍ ഡാമിന്റെ ഷട്ടറുകള്‍ നവീകരിക്കും

illikkal-dam
SHARE

പ്രളയത്തിനിടെ തകര്‍ന്ന തൃശൂര്‍ ഇല്ലിക്കല്‍ ഡാമിന്റെ ഷട്ടറുകള്‍ നവീകരിക്കാന്‍ ഭരണാനുമതി ലഭിച്ചു. ഒരു കോടി പതിനെട്ടു ലക്ഷം രൂപ അനുവദിച്ചതായി സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാര്‍ അറിയിച്ചു. 

കരുവന്നൂര്‍ പുഴയില്‍ നിന്നുള്ള വെള്ളം കൃഷി ആവശ്യത്തിന് സ്വരൂപിക്കുകയായിരുന്നു ഇല്ലിക്കല്‍ ഡാം. കഴിഞ്ഞ പ്രളയത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്നു. വെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകി. കുട്ടനാട്ടില്‍ നിന്നുള്ള വിദഗ്ധര്‍ എത്തിയാണ് അന്ന് താല്‍ക്കാലിക ബണ്ട് നിര്‍മിച്ചത്. ഇല്ലിക്കലില്‍ സ്ഥിരം ഡാം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായാണ് തുക വകയിരുത്തിയത്. ഇരുപത്തിനാലു ലക്ഷം രൂപ സ്ഥലം എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ചു. ഒരു കോടി പതിനെട്ടു ലക്ഷം സര്‍ക്കാരിന്റെ വകയും. ഉടനെ നിര്‍മാണം തുടങ്ങുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍ സി.രവീന്ദ്രനാഥും പറഞ്ഞു.

ഡാമിന്റെ ഷട്ടറുകള്‍ പരിഹരിക്കുന്നതോടൊപ്പം, ബണ്ട് റോഡിന്റെ ഉയരം കൂട്ടും. എട്ടുമുന, ഇല്ലിക്കല്‍ ബണ്ട് സംരക്ഷണ സമിതി ഇക്കാര്യത്തില്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എട്ടുമുന, വൈക്കോല്‍ചിറ ഭാഗത്തെ തകര്‍ന്ന ബണ്ടും നേരെയാക്കും. തുലാവര്‍ഷത്തിന് മുമ്പേ ഷട്ടറുകള്‍ നേരെയാക്കാനാണ് ശ്രമം. സ്ഥലത്ത് എത്തിയ മന്ത്രിമാര്‍ക്ക് മുമ്പില്‍ നാട്ടുകാര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെ വിമര്‍ശിച്ചു. 

MORE IN CENTRAL
SHOW MORE