തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട; ഇടനിലക്കാർ ചമഞ്ഞ് എക്സൈസ് സംഘം

thrissur-hashish
SHARE

തൃശൂരില്‍ വന്‍ ലഹരിമരുന്നു വേട്ട. നാല് കോടി രൂപ വിലമതിക്കുന്ന ഹാഷിഷുമായി രണ്ടു ബീഹാറുകാര്‍ അറസ്റ്റില്‍. ഇടനിലക്കാര്‍ ചമഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ നാടകമാണ് ലഹരിമരുന്നു വേട്ടയില്‍ കലാശിച്ചത്. 

ബീഹാറുകാരായ ഈ രണ്ടു പേരാണ് നേപ്പാളില്‍ നിന്ന് ഹാഷിഷ് കടത്തി കൊണ്ടുവന്നത്. ബീഹാറില്‍ ഇവരുടെ വീട്ടില്‍ നിന്ന്  നൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ നേപ്പാളില്‍ എത്താം. നേപ്പാളിലേക്കാകട്ടെ ഹാഷിഷ് വരുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നും. 

പാലക്കാട് നന്‍മാറയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ബീഹാറുകാരായ ഇരുവരും ഹാഷിഷ് കേരളത്തില്‍ വില്‍ക്കുകയാണ്. ബീഹാറില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് ഹാഷിഷ് എത്തിക്കും. 

എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ചു. നേരത്തെ, ഹാഷിഷുമായി കുന്നംകുളം സ്വദേശിയായ യുവാവ് പിടിയിലായിരുന്നു. ഈ യുവാവിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ബീഹാറുകാരുടെ നമ്പറുകള്‍ ലഭിച്ചത്. 

മുപ്പത്തിയ്യായിരം രൂപയോളം ബീഹാറുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ശേഷമാണ് ഹാഷിഷുമായി ഇവര്‍ മണ്ണുത്തിയില്‍ പ്രത്യക്ഷപ്പെട്ടത്.

കഞ്ചാവിന്റെ ചെടിയില്‍ നിന്ന് ലഭിക്കുന്ന പശയും പൂവും ചേര്‍ത്താണ് ഹാഷിഷ് ഉണ്ടാക്കുന്നത്. കടുകു മണിയുടെ വലിപ്പത്തിലുള്ള ഹാഷിഷ് സിഗരറ്റില്‍ പുരട്ടി വലിച്ചാല്‍ പത്തു മണിക്കൂര്‍ ലഹരി നില്‍ക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

കടുകു മണി വലിപ്പത്തിലുള്ള ഹാഷിഷിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയാണ് നിരക്ക്. യുവാക്കളാണ് കേരളത്തില്‍ ഇത് കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് പ്രതികള്‍ മൊഴിനല്‍കി. ഇടനിലക്കാരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

MORE IN CENTRAL
SHOW MORE