തൃശൂരിൽ രണ്ടിടത്ത് തീപിടിത്തം; ആളപായമില്ല

thrissur-fire
SHARE

തൃശൂര്‍ ജില്ലയില്‍ രണ്ടിടത്ത് വന്‍തീപിടിത്തം. കേച്ചേരി... പന്നിത്തടം റോഡില്‍ കെട്ടിട സമുച്ചയത്തിനും മാള കൊമ്പൊടിഞ്ഞാമാക്കലില്‍ പെട്രോള്‍ പമ്പിന് തൊട്ടടുത്തുള്ള കൊപ്രക്കളത്തിനുമാണ് തീപിടിച്ചത്. രണ്ടിടത്തും ആളപായമില്ല. 

കേച്ചേരി പന്നിത്തടം റോഡില്‍ അയിഷ വ്യാപാര സമുച്ചയത്തിലായിരുന്നു അഗ്നിബാധ. ഇതേകെട്ടിടത്തിലെ അശോക ജ്വല്ലറിയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. ഏകദേശം മൂന്നു കിലോ സ്വര്‍ണം ഈ ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം.

ജ്വല്ലറി പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്ത എ.ടി.എം. കൗണ്ടറിനും കേടുപറ്റി. നേരെ മുകളിലത്തെ നിലയിലുള്ള ബാങ്കിലേക്ക് പുക പടര്‍ന്നു. തൃശൂര്‍,ഗുരുവായൂര്‍,കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നായി നാലു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. 

‌ഏകദേശം ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. തീപ്രതിരോധ സംവിധാനങ്ങള്‍ കെട്ടിടത്തില്‍ ഇല്ലാതിരുന്നതും തിരിച്ചടിയായി.

മാള കൊമ്പൊടിഞ്ഞാമാക്കലിലായിരുന്നു മറ്റൊരു തീപിടുത്തം. കൊപ്രക്കളത്തിനാണ് തീപിടിച്ചത്. അരലക്ഷം രൂപയുടെ കൊപ്ര കത്തിനശിച്ചു. കൊപ്രക്കളത്തിന്റെ അതിരിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പ്. 

തീ പമ്പിലേക്ക് പടരുമെന്ന ഭീതിയില്‍ ചാലക്കുടിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നുമായി മൂന്നു ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി. തീ പെട്ടെന്നു നിയന്ത്രിക്കാനായതിനാല്‍ പമ്പിലേക്ക് പടര്‍ന്നില്ല. 

MORE IN CENTRAL
SHOW MORE